കഅ്ബ ശുചീകരിക്കാൻ സ്മാർട്ട് ക്ലീനർ
text_fieldsജിദ്ദ: കഅ്ബയുടെ ഉപരിതലം ശുചീകരിക്കാൻ ഇനി സ്മാർട്ട് വാക്വം ക്ലീനർ. ഡിജിറ്റൽ ആപ്ലിക്കേഷനുകളിലൂടെ സ്വമേധയാ പ്രവർത്തിക്കുന്ന ഏറ്റവും നൂതനമായ സ്മാർട്ട് വാക്വം ക്ലീനർ ഇരുഹറം കാര്യാലയത്തിന് കീഴിലെ സേവന വകുപ്പാണ് ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് ആപ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് വാക്വം ക്ലീനറെന്ന് സേവന വിഭാഗം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽജാബിരി പറഞ്ഞു. നാലു മണിക്കൂറാണ് ചാർജിങ് സമയം. തുടർച്ചയായി മൂന്ന് മണിക്കൂർ പ്രവർത്തിക്കുന്നു. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മാപ്പ്) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാക്വം ക്ലീനർ പ്രവർത്തിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളിൽ 180 ചതുരശ്ര മീറ്റർ ഭാഗം ശുചീകരിക്കാൻ ഇതിന് ശേഷിയുണ്ടെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
മാർബിളിന്റെ ഗുണനിലവാരവും സുരക്ഷയും നിലനിർത്താനും അഴുക്ക് കണികകൾ നീക്കംചെയ്യാനും കഅ്ബയെ നല്ല നിലയിൽ ശുചീകരിക്കാനും ലക്ഷ്യമിട്ടാണ് ഈ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. നിശ്ചിത ഷെഡ്യൂൾ പ്രകാരം പ്രത്യേക സൗദി സാങ്കേതിക സംഘമാണ് കഅ്ബയുടെ ഉപരിതലത്തിലെ ശുചീകരണം നടത്തുന്നത്. പല ഘട്ടങ്ങളിലൂടെ വൃത്തിയാക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. സാധാരണ ഗതിയിൽ ശുചീകരണ പ്രക്രിയ 20 മിനിറ്റിൽ കൂടാത്ത സമയപരിധിക്കുള്ളിൽ അവസാനിക്കാറുണ്ട്. പ്രത്യേക പരിശീലനം നേടിയവരാണ് കഅ്ബ ശുചീകരണ ജോലിക്കാരെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.