കഅ്ബയുടെ 'കിസ്‌വ' വൃത്തിയാക്കാൻ സ്മാർട്ട് മെഷീൻ
text_fieldsമക്ക: കഅ്ബയുടെ പുടവ 'കിസ്‌വ' വൃത്തിയാക്കാനും അണുമുക്തമാക്കാനും സ്മാർട്ട് മെഷീൻ. ഇരുഹറം കാര്യാലയത്തിന്‍റെ നേതൃത്വത്തിൽ സ്മാർട്ട് മെഷീന്‍റെ പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു. പ്രകൃതിദത്തമായ പട്ടുനൂൽ ഉപയോഗിച്ച് നിർമിക്കുന്ന കിസ്‌വയുടെ തനിമ കാത്തുസൂക്ഷിക്കുന്നതിന് ആധുനിക സാങ്കേതിക മാനദണ്ഡങ്ങളും ഉയർന്ന നിലവാരവും അനുസരിച്ചാണ് പുതിയ ക്ലീനിങ് മെഷീൻ പ്രവർത്തിക്കുന്നത്. തുടർച്ചയായി മണിക്കൂറുകളോളം യന്ത്രം പ്രവർത്തിക്കും. കിസ്‌വ പരിപാലിക്കാനും മെഷീൻ കൃത്യമായി ഉപയോഗിക്കാനും വിദഗ്ധ ജീവനക്കാരെ നിയമിച്ചതായി ഇരുഹറം കാര്യാലയ വക്താവ് അറിയിച്ചു. മക്കയിലെ ഉമ്മുൽജൂദ് മേഖലയിലെ കിങ് അബ്ദുൽ അസീസ് കിസ്‌വ ഫാക്ടറിയിൽ മാസങ്ങളെടുത്താണ് കഅ്ബ ആവരണം ചെയ്യാനുള്ള 'കിസ്‌വ' വസ്ത്രം നിർമിക്കുന്നത്.
മക്കയിലെത്തുന്ന തീർഥാടകർ ഹജ്ജിന്‍റെ മുഖ്യചടങ്ങിനായി അറഫയിൽ സമ്മേളിക്കുമ്പോൾ ഹറമിൽ തിരക്കൊഴിയുന്ന ദുൽഹജ്ജ് ഒമ്പതിനാണ് കഅ്ബയെ പുതിയ കിസ്‌വ അണിയിക്കാറുള്ളത്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളിൽനിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെ.മീ. വീതിയിൽ ഒരു ബെൽറ്റും ഉണ്ട്. ഇതിന്‍റെ ആകെ നീളം 47 മീ. വരും. 670 കിലോ പ്രകൃതിദത്തമായ ശുദ്ധമായ പട്ടും 120 കിലോ സ്വർണ നൂലും 100 കിലോ വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്.
ഒരു കിസ്‌വ നിർമിക്കാൻ രണ്ടേകാൽ കോടിയിലേറെ റിയാൽ ചെലവ് വരുന്നുണ്ടെന്നാണ് കണക്ക്. സ്വദേശികളായ ഇരുനൂറോളം ജോലിക്കാരാണ് കിസ്‌വ നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്നത്.
ഒരു കിസ്‌വയുടെ പണി പൂർത്തിയാക്കാൻ ഏകദേശം ഒമ്പതുമാസം വരുന്നുണ്ട്. കിസ്‌വ വൃത്തിയായി സൂക്ഷിക്കുന്നതിനും അത് കേടാകാതെ നോക്കുന്നതിനും ഹറംകാര്യാലയ വകുപ്പ് ഏറെ ജാഗ്രത കാണിക്കുന്നുണ്ട്. ലോകത്തെ 160 കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ 'ഖിബ്ല'യായ കഅ്ബയെ അണിയുന്ന 'കിസ്‌വ'യുടെ നിർമാണത്തിനും അതിന്‍റെ സംരക്ഷണത്തിനും വർധിച്ച പരിഗണനയാണ് സൗദി ഭരണകൂടം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.