സ്മാർട്ട് പാർക്കിങ് കരാറായി; ആദ്യഘട്ടത്തിൽ റിയാദിലെ 12 ഇടങ്ങളിൽ
text_fieldsറിയാദ്: ആദ്യഘട്ടത്തിൽ റിയാദ് നഗരത്തിൽ 12 ഇടങ്ങളിൽ സ്മാർട്ട് പാർക്കിങ് ഏരിയകൾ സ്ഥാപിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.
ആകെ 1,64,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള കരാർ നടപടികളാണ് പൂർത്തീകരിച്ചതെന്ന് അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ ‘സൊല്യൂഷൻസ്’ അറിയിച്ചു.
സ്മാർട്ട് പബ്ലിക് പാർക്കിങ് ലോട്ടുകൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതടക്കമുള്ള ജോലികൾ റെമാറ്റ് കമ്പനിയാണ് നിർവഹിക്കുന്നത്. ഇതിനുള്ള കരാർ റിയാദ് ഡെവലപ്മെൻറ് കമ്പനിയുമായി ഒപ്പിട്ടു.ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റൽ ആപ്പുകളുമാണ് പ്രയോജനപ്പെടുത്തുക. അതും കരാറിലുൾപ്പെടുന്നു.
സ്മാർട്ട് പബ്ലിക് പാർക്കിങ് പദ്ധതി നടപ്പാക്കുന്നതിലൂടെ റിയാദ് നഗരത്തിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് ‘സൊല്യൂഷൻസ്’ വിശദീകരിച്ചു. പൊതുനിരത്തുകളിലെ അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കുക, ഗതാഗതം സുഗമമാക്കുക, തിരക്ക് കുറക്കുക, നഗരഭംഗി മെച്ചപ്പെടുത്തുക, കാർബൺ പുറന്തള്ളൽ കുറക്കുക, നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് ആ നേട്ടങ്ങളിൽ പ്രധാനപ്പെട്ടത്.
ആധുനിക സാങ്കേതികവിദ്യ, സ്മാർട്ട് സെൻസറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് സ്മാർട്ട് പബ്ലിക് പാർക്കിങ് ലോട്ടുകൾ കൈകാര്യം ചെയ്യുക. റിയാദ് നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും പുതിയ പാർക്കിങ് സംവിധാനം ഏറെ സഹായകമാണെന്നും ‘സൊല്യൂഷൻസ്’ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.