സാമൂഹികപ്രവർത്തകൻ സലാഹുദ്ദീൻ കടന്നമണ്ണ നിര്യാതനായി
text_fieldsറിയാദ്: മുൻ പ്രവാസിയും തനിമ കലാസാംസ്കാരിക വേദി റിയാദ് ഘടകം പ്രസിഡൻറുമായിരുന്ന ആലങ്ങാടൻ സലാഹുദ്ദീൻ കടന്നമണ്ണ (63) നാട്ടിൽ നിര്യാതനായി. കൃഷിസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്നു പെരിന്തൽമണ്ണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 27 വർഷം റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം 2021ൽ പ്രവാസം അവസാനിപ്പിച്ച് മടങ്ങി. ഇപ്പോൾ ശാന്തപുരം അൽ ജാമിഅഃ അൽ ഇസ്‌ലാമിയയിൽ അധ്യാപകനാണ്.
ആലങ്ങാടൻ മൊയ്തീൻ മൗലവി, ആഇശ ദമ്പതികളുടെ മകനായി കടന്നമണ്ണയിലാണ് ജനനം. ശാന്തപുരം ഇസ്ലാമിയ്യ കോളജിൽ പഠിച്ച് എഫ്.ഡി, ബി.എ. ബിരുദങ്ങൾ നേടി. മമ്പാട് റഹ്മാനിയ കോളജ്, ഫറോക്ക് ഇർഷാദിയാ കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി. 1987-ൽ സൗദി അറേബ്യയിലെ കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം. മടങ്ങിവന്ന് വീണ്ടും ശാന്തപുരത്ത് അധ്യാപകനായി. ശാന്തപുരം ഇസ്ലാമിയ കോളജ് വിദ്യാർഥി ഹൽഖ, എസ്.ഐ.ഒ മലപ്പുറം ജില്ല എന്നിവയുടെ സെക്രട്ടറിയായിരുന്നു.
1993 ലാണ് സൗദി അറേബ്യയിൽ പ്രവാസിയായി എത്തുന്നത്. റിയാദിലെ അൽജുമൈഹ് ആൻഡ് ഷെൽ ലൂബ്രിക്കേറ്റിങ് ഓയിൽ കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായാണ് വിരമിച്ചത്. നാട്ടിലെത്തിയ ശേഷം അൽജാമിഅയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു. തനിമ റിയാദ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, മദ്റസ - ഹജ്ജ് - ഖുർആൻ സ്റ്റഡി സെൻറർ കോഓഡിനേറ്റർ, ശാന്തപുരം അലുംനി അസോസിയേഷൻ റിയാദ് ചാപ്റ്റർ പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചു. സൗമ്യനും മിതഭാഷിയുമായിരുന്ന അദ്ദേഹത്തിന് ധാരാളം സൗഹൃദങ്ങളുണ്ടായിരുന്നു.
ഭാര്യ: ഹബീബ കളത്തിങ്ങൽ, മക്കൾ: അഹ്മദ് നാദിർ, സന, സഫീർ, സാനിദ്. മരുമക്കൾ: സുഹൈൽ മോങ്ങം, നഫ്ല ബാനു. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുനീർ, ഫാത്തിമക്കുട്ടി, ഹബീബ, സുബൈദ, സഈദ, ഹാഫിദ, ഫൗസിയ, നസീമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.