ശരീരം തളർന്ന മലയാളിയെ നാട്ടിലെത്തിക്കാൻ സാമൂഹികപ്രവർത്തകർ
text_fieldsയാംബു: താമസസ്ഥലത്തുനിന്ന് വീണ് ശരീരം തളർന്ന മലയാളിയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകർ രംഗത്ത്.
കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ പറമ്പുവീട്ടിൽ ജിതേശ് പോളിനെയാണ് (41) നാട്ടിലെത്തിക്കാൻ ജിതേശിന്റെ സുഹൃത്തുക്കളും മറ്റു സാമൂഹിക, സന്നദ്ധ സംഘടന പ്രവർത്തകരും വഴിയൊരുക്കുന്നത്. സ്വകാര്യ കമ്പനി ജോലിക്കാരനായിരുന്ന ജിതേശ് ഒരാഴ്ച മുമ്പ് വീണ സന്ദർഭത്തിൽതന്നെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ യാംബു സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നു.
അഞ്ച് ദിവസത്തോളം അവിടെ ചികിത്സ തുടർന്നെങ്കിലും അരക്കുകീഴെ തളർന്ന അവസ്ഥക്ക് കാര്യമായ മാറ്റമില്ലാത്തതിനാൽ വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.
ഇൻഷുറൻസ് കാർഡ് ഇല്ലാത്തതും ജിതേശിന് സൗദിയിൽ വിദഗ്ധ ചികിത്സക്ക് പ്രയാസം നേരിട്ടു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ജിതേശ് സാമൂഹിക പ്രവർത്തകരുടെ പരിചരണത്തിൽ ഇപ്പോൾ ഒരു ക്യാമ്പിലാണുള്ളത്.
ജിതേശിന്റെ പിതാവും അമ്മയും നേരത്തേ മരിച്ചിരുന്നു. ചികിത്സക്കായി ഫണ്ട് ശേഖരണം നടത്തണമെന്നും നാട്ടിലേക്ക് ഉടനെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും ജിദ്ദ നവോദയ യാംബു രക്ഷാധികാരി അജോ ജോർജ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ജോയൻറ് സെക്രട്ടറി അബ്ദുറസാഖ് നമ്പ്രം, നവോദയ യാംബു ഏരിയ കമ്മിറ്റി സെക്രട്ടറി സിബിൾ ഡേവിഡ്, ഗോപി, സാക്കിർ, വിനോദ് തുടങ്ങിയവർ പരിചരണത്തിനും നാട്ടിലെത്തിക്കാനുള്ള നടപടികൾക്കുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.