റെസ്റ്റോറന്‍റുകൾ, കഫേകൾ എന്നിവക്കകത്ത് സാമൂഹിക അകലം നിർബന്ധം - സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി
text_fieldsജിദ്ദ: കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് നടപ്പാക്കിയ മുൻകരുതൽ നടപടികളുടെ ഭാഗമായി റെസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങിയ സ്ഥാപങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾക്കകത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിരോധമില്ല. എന്നാൽ ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണം.
ഈ അകലം പാലിക്കാൻ കഴിയാത്ത റെസ്റ്ററന്റുകളിൽ ഭക്ഷണവിതരണം പാർസൽ മാത്രമായിരിക്കണം. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. എന്നാൽ ഒരേ ടേബിളിൽ പത്തിൽ കൂടുതൽ ആളുകൾ ഒന്നിച്ചിരിക്കരുത്. ഒരിടത്തും ആളുകളുടെ കൂട്ടം കൂടൽ ഉണ്ടാവരുത്. ഓർഡറുകൾ സ്വീകരിക്കുന്ന സ്ഥലങ്ങളിലും കാത്തിരിപ്പ് സ്ഥലങ്ങളിലും പാർസൽ വിതരണ സ്ഥലത്തുമെല്ലാം ആളുകൾ തമ്മിൽ ഒന്നര മീറ്റർ അകലം ഉണ്ടാവണം.
ഭക്ഷണം കഴിക്കാത്ത സമയത്ത് സന്ദർശകരും ജോലിക്കാരും കൃത്യമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലും ജീവനക്കാര്‍ അകലം പാലിച്ചിരിക്കണം. റെസ്റ്റോറന്റുകൾക്കും കഫേകൾക്കും അകത്തുള്ള എല്ലായിടത്തും കാണാൻ സാധിക്കുന്ന സി.സി.ടി.വി കാമറകൾ പ്രവര്‍ത്തനനിരതമാണെന്ന് ഉറപ്പ് വരുത്തണം. ശരീരോഷ്മാവ് പരിശോധിക്കാനുള്ള ഉപകരണവും സാനിറ്ററുകളും പ്രവേശന കവാടങ്ങളിൽ ഉണ്ടായിരിക്കണം തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കാൻ സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ആവശ്യപ്പെട്ടു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് തക്കതായ പിഴകൾ ചുമത്തുമെന്നും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.