പുതിയ സോഷ്യൽ ഇൻഷുറൻസ് നിയമം; ജീവനക്കാരുടെ വിരമിക്കൽ പ്രായം കൂട്ടുന്നു
text_fieldsറിയാദ്: പരിഷ്കരിച്ച സോഷ്യൽ ഇൻഷുറൻസ് നിയമപ്രകാരം സൗദി അറേബ്യയിൽ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കാൻ തീരുമാനം. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സോഷ്യൽ ഇൻഷുറൻസ് നിയമപ്രകാരം പൊതു-സ്വകാര്യ മേഖലകളിൽ ചേരുന്ന പുതിയ സിവിൽ ജീവനക്കാർക്കാണ് വിരമിക്കൽ പ്രായം കൂട്ടുന്ന തീരുമാനം ബാധകമാകുകയെന്നും സൗദി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) വ്യക്തമാക്കി. പുതിയ വിരമിക്കൽ പ്രായം പരമാവധി 65 വയസ്സായിരിക്കും.
ഭേദഗതി ചെയ്ത നിയമം വിരമിക്കൽ പ്രായം ക്രമാനുഗതമായി വർധിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അതേസമയം ഗോസിയുടെ നിലവിലെ വരിക്കാർക്ക് ആനുകൂല്യങ്ങളിൽ മാറ്റമൊന്നും ഉണ്ടാകില്ല. നിലവിലെ വരിക്കാർക്ക് സിവിൽ റിട്ടയർമെൻറ് നിയമത്തിലെയും സോഷ്യൽ ഇൻഷുറൻസ് നിയമത്തിലെയും വ്യവസ്ഥകൾ പ്രാബല്യത്തിൽ തുടരുമെന്നും ചില വിഭാഗങ്ങൾക്കുള്ള നിയമാനുസൃത പെൻഷൻ കാലാവധി വ്യവസ്ഥയിൽ വ്യത്യാസം ഉണ്ടാകുമെന്നും ‘ഗോസി’ അധികൃതർ വിശദീകരിച്ചു.
ഈ വിഭാഗങ്ങളിൽ 20 വർഷത്തിൽ താഴെ കാലയളവുള്ളവരും ഈ ഭേദഗതികൾ പ്രാബല്യത്തിൽ വരുന്ന തീയതിയിൽ 50 വർഷത്തിൽ താഴെ പ്രായമുള്ളവരും ഉൾപ്പെടുന്നു. പുതിയ വിരമിക്കൽ പ്രായം 58 മുതൽ 65 വരെയായിരിക്കുമെന്നും ഗോസി വ്യക്തമാക്കി. കൂടുതൽ വിശദാംശങ്ങൾ gosi.gov.sa എന്ന സൈറ്റിൽനിന്ന് അറിയാമെന്നും ഗോസി വെളിപ്പെടുത്തി.
നിയമഭേദഗതിയുടെ പരിധിയിൽ പെൻഷൻകാരോ മരണപ്പെട്ട പെൻഷൻകാരന്റെ കുടുംബാംഗങ്ങളോ ഉൾപ്പെടുന്നില്ല. തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിക്കുന്നവരെ സംബന്ധിച്ച്, പൊതു-സ്വകാര്യ മേഖലകളിലെ ജോലികൾക്കിടയിൽ എളുപ്പത്തിൽ നീങ്ങാൻ പുതിയ നിയമം അനുവദിക്കുന്നു. പ്രസവാനുകൂല്യത്തിനുള്ള പുതിയ വ്യവസ്ഥ തൊഴിൽ വിപണിയിൽ സ്ത്രീകളുടെ ശാക്തീകരണത്തിനും തൊഴിലവസരം വർധിപ്പിക്കുന്നതിനും തൊഴിലുടമകളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ബാധ്യതകൾ കുറക്കുന്നതിനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.