ഇന്ത്യൻ ജനാധിപത്യത്തിന്റെ രാഷ്ട്രീയ ഉറപ്പാണ് സാമൂഹിക നീതി -എൻജി. ഷംസീർ ഇബ്രാഹീം
text_fieldsജിദ്ദയിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സ്വീകരണ യോഗത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി
ഷംസീർ ഇബ്രാഹീം സംസാരിക്കുന്നു
ജിദ്ദ: വൈവിധ്യമാർന്ന ഇന്ത്യൻ സമൂഹത്തിൽ ജനാധിപത്യഭരണ സംവിധാനത്തെ നിലനിർത്തുന്ന രാഷ്ട്രീയ ഉറപ്പാണ് സാമൂഹിക നീതിയെന്നും സാമൂഹിക നീതി നടപ്പിൽ വരണമെങ്കിൽ രാജ്യത്ത് സാഹോദര്യ രാഷ്ട്രീയം നിലവിൽ വരണമെന്നും അതുകൊണ്ടാണ് വെൽഫെയർ പാർട്ടി അതിന്റെ രാഷ്ട്രീയ അടിത്തറയായി സാമൂഹിക നീതിയും സാഹോദര്യ രാഷ്ട്രീയവും സ്വീകരിച്ചിട്ടുള്ളതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹീം പറഞ്ഞു.
ജിദ്ദയിൽ പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസ് ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനകാല രാഷ്ട്രീയത്തിൽ നിങ്ങൾ താൽപര്യമെടുത്തില്ലെങ്കിലും രാഷ്ട്രീയ അധികാരം അതിന്റെ നീണ്ടകരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ നിത്യജീവിതത്തിന്റെ സകലമാന മേഖലകളിലും ഇടപെടുകതന്നെ ചെയ്യും എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇടതു സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ തുടരുന്ന ന്യൂനപക്ഷ വിരോധത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ പകുതിയായി വെട്ടിക്കുറച്ച സർക്കാർ ഉത്തരവ്.
മാഷാ അള്ളാഹ് സ്റ്റിക്കറും, കാഫിർ സ്ക്രീൻ ഷോട്ടും, പാലക്കാട് തെരഞ്ഞെടുപ്പ് ദിവസം കേരളത്തിലെ പത്രങ്ങളിൽ വന്ന പരസ്യവും, വയനാട് തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനോട് ഇടതുപക്ഷം നടത്തിയ പരാമർശങ്ങളും സി.പി എമ്മിന്റെ മുസ്ലിം വിരോധത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. ന്യൂനപക്ഷ വിരുദ്ധതയിൽ ഊന്നി ഭൂരിപക്ഷ വോട്ടുകൾ നേടാനുള്ള ഇതേ കുതന്ത്രം തന്നെയാണ് അടുത്ത് നടക്കാൻ പോകുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ ആയുധമെന്ന് എൽ.ഡി.എഫ് വ്യക്തമാക്കി കഴിഞ്ഞു. ആത്യന്തികമായി ഇതുകൊണ്ട് നേട്ടമുണ്ടാവുക സംഘ് പരിവാറിന് മാത്രമാണ് എന്നും ബംഗാളിൽ പാർട്ടി ഓഫിസുകൾ അടക്കം സംഘ്പരിവാറിലേക്ക് ഒഴുകി പോയത് സി.പി.എം മറക്കരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഇസ്ലാമോഫോബിയ സാധാരണമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് അനീതി അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുക എന്ന് ഉറപ്പിച്ചിട്ടുള്ള ഒരു പാർട്ടിക്ക് എത്ര തന്നെ വർഗീയ പാർട്ടി എന്ന വിളി കേട്ടാലും അതുകൊണ്ടൊന്നും നീതിയുടെ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കാനാവുകയില്ല എന്നും, മുസ്ലികൾ ധാരാളമായി പ്രവർത്തിക്കുന്ന പാർട്ടി മാത്രം വർഗീയമാവുകയും, മറ്റു സമുദായങ്ങൾ കൂടുതലായി പ്രവർത്തിക്കുന്ന കേരള കോൺഗ്രസ് പോലുള്ള പാർട്ടികൾ മതേതരമാവുകയും ചെയ്യുന്നത് തന്നെ ഇസ്ലാമോഫോബിയയുടെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എത്ര തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും സാഹോദര്യ രാഷ്ട്രീയത്തിനും അതിലൂടെ സൃഷ്ടിച്ചെടുക്കുന്ന സാമൂഹിക നീതിക്കായും വെൽഫെയർ പാർട്ടി പ്രവർത്തിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഊന്നിപറഞ്ഞു.
പ്രവാസി വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡന്റ് ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂസുഫ് പരപ്പൻ സ്വാഗതവും ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.