സോഷ്യൽ മീഡിയ പ്രമോഷൻ അംഗീകൃത ഏജൻസിയിലൂടെ മാത്രം
text_fieldsറിയാദ്: അംഗീകൃത ഏജൻസികൾ വഴിയല്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ പ്രമോഷൻ നടത്തരുതെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് റിയാദ് ചേംബർ ഓഫ് കോമേഴ്സ് മുന്നറിയിപ്പ് നൽകി. അംഗീകൃത സ്ഥാപനങ്ങളുമായേ പരസ്യ കാമ്പയിനിന് വേണ്ടി കരാർ ഇടപാട് നടത്താവൂ.
സമൂഹ മാധ്യമങ്ങളിൽ പരസ്യം പോസ്റ്റ് ചെയ്യുന്ന സൗദി പൗരന്മാരല്ലാത്ത താമസക്കാരും സന്ദർശകരുമായ ആളുകളുടെ ഇടപാടുകൾ നിരീക്ഷിച്ച് നിയമലംഘനങ്ങളെ കുറിച്ച് മനസ്സിലാക്കിയ ശേഷമാണ് റിയാദ് ചേംബർ തങ്ങളുടെ അംഗങ്ങൾക്ക് സർക്കുലർ അയച്ചത്. ഇത്തരം പരസ്യ കാമ്പയിൻ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നവരുടെ രേഖകൾ പരിശോധിച്ചപ്പോൾ അവർക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ആവശ്യമായ വാണിജ്യ രേഖകളോ ലൈസൻസോ ഇല്ലെന്നും ഏതെങ്കിലും വാണിജ്യ നിക്ഷേപ സ്ഥാപനത്തിന്റെയോ വിദേശ നിക്ഷേപ ലൈസൻസിന്റെയോ കീഴിൽ പ്രവർത്തിക്കുന്നതല്ലെന്നും തികച്ചും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവയാണെന്നും കണ്ടെത്തിയതായി സർക്കുലറിൽ വ്യക്തമാക്കുന്നു.
വാണിജ്യസ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നവരും സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം ചെയ്യാൻ അനുവദിക്കുന്ന ലൈസൻസും മതിയായ രേഖകളും ഉള്ളവരുമായേ ഇടപാട് നടത്താവൂ. സ്വദേശികളല്ലാത്തവരുമായി ഇടപാടുകൾ നടത്തുകയോ, അവരുമായി ഉൽപന്നങ്ങൾ പരസ്യം ചെയ്യുകയോ, ഉൽപന്നങ്ങൾ, സേവനങ്ങൾ, ചരക്കുകൾ എന്നിവയുടെ മാർക്കറ്റിങ് ഇവന്റുകളിലേക്ക് അവരെ ക്ഷണിക്കുകയോ ചെയ്യരുത്.
മതിയായ ലൈസൻസില്ലാതെ സൗദി പൗരനല്ലാത്ത ഒരാൾ രാജ്യത്ത് സ്വന്തം അക്കൗണ്ടിൽ സാമ്പത്തിക പ്രവർത്തനം നടത്തുന്നത് കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
കുറ്റവാളിക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുന്ന ശിക്ഷയാണിതെന്നും റിയാദ് ചേംബർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.