സോഷ്യൽ മീഡിയ ദുരുപയോഗം: പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന്
text_fieldsദമ്മാം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം പ്രക്ഷോഭം നടക്കുന ്ന സാഹചര്യത്തിൽ ഗൾഫിലെ ഇന്ത്യക്കാർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നതിൽ സൂക്ഷ്മത പുലർത്തമെന്ന് അഭിപ്രായമുയരുന്നു. ജോലി ചെയ്യുന്ന രാജ്യത്തെയും ഭരണാധികാരികളെയും ആരാധനാലയങ്ങളെയും ആക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ശിക്ഷാർഹമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ പോസ്റ്റുകളിട്ട ചില ഇന്ത്യക്കാരെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, ഇവരുടെ ഫേസ്ബുക്കുകൾ ഹാക്ക് ചെയ്ത് വ്യാജ പോസ്റ്റുകൾ നിർമിച്ച് ഇവരെ കുടുക്കുകയായിരുന്നു എന്ന പ്രചാരണമാണ് ചില മാധ്യമങ്ങളും സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സൗദി ഭരണാധികാരിയെ മോശമായി ചിത്രീകരിച്ചും കഅ്ബ പൊളിക്കണമെന്ന് ആഹ്വാനം നടത്തിയും പോസ്റ്റിട്ട കർണാടക സ്വദേശിയെ അൽ ഹസയിലെ കമ്പനിതന്നെ പൊലീസിനെ ഏൽപിക്കുകയായിരുന്നു.
ഇത്തരം പോസ്റ്റുകൾ സൗദി അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ മതം നോക്കാതെതന്നെ കസ്റ്റഡിയിലെടുക്കും. ശേഷം കൃത്യമായ അന്വേഷണവും ചോദ്യംചെയ്യലും പ്രതിവാദം കേൾക്കലും ചെയ്തതിനുശേഷം മാത്രമേ ശിക്ഷ വിധിക്കാറുള്ളൂ.
രാജ്യത്തെ ഭരണകൂടത്തെയും മക്ക, മദീന ഉൾപ്പെടുന്ന ആരാധനാലയങ്ങളെയും മോശമായി ചിത്രീകരിക്കുന്നത് സൗദിയിൽ കുറ്റകരമാണ്. സോഷ്യൽ മീഡിയയിൽ വ്യക്തികളെയോ സ്ഥാപനങ്ങളെയോ സത്യവിരുദ്ധമായ രീതിയിൽ ചിത്രീകരിക്കുന്നതും കുറ്റകരമാണ്. നേരേത്ത ലുലു ഹൈപ്പർമാർക്കറ്റിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ ചെയ്തവരെ ഇത്തരത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഖുർആൻ നിന്ദ നടത്തിയ മലയാളി അഞ്ചു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ദമ്മാം ജയിലിലുണ്ട്. അതേസമയം, ഇത്തരക്കാരുടെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും കുറ്റകരമാണ്.
കർണാടക സ്വദേശി ചെയ്ത പോസ്റ്റിന് കുറഞ്ഞ സമയംകൊണ്ട് ആയിരക്കണക്കിന് ലൈക്കും ഷെയറുമാണ് കിട്ടിയത്. ഇത്തരക്കാരെ പരസ്യമായി ചോദ്യംചെയ്യുന്നതും ദേഹോപദ്രവം ഏൽപിക്കുന്നതും അത് വിഡിയോയിൽ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് അധികൃതർ ഒാർമിപ്പിക്കുന്നു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതോ, സംവാദങ്ങളിൽ ഏർപ്പെടുന്നതോ ആരും തടയുകയോ കുറ്റകരമായി കാണുകയോ ചെയ്യില്ല. അതേസമയം, നിയമ വിരുദ്ധമായും അപരെൻറ അവകാശങ്ങളെ ഹനിച്ചും ആക്ഷേപിച്ചും പോസ്റ്റിടുന്നതാണ് കുറ്റകരമാകുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട കർണാടക സ്വദേശിയുടെ വിഷയത്തിൽ ഇടപെടാൻ എംബസി സാമൂഹിക പ്രവർത്തകരോട് അഭ്യർഥിക്കുകയും അനുമതി പത്രം നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം, ‘ഭീകരവാദം മതമല്ല’ എന്ന മുന്നറിയിപ്പുമായി സൗദി അധികൃതർ സന്ദേശ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കാനുള്ള നമ്പറുകളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്നേഹവും സമാധാനവും തകർക്കുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ ഇടപെടലുകളിൽനിന്ന് പ്രവാസികളെങ്കിലും മാറിനിൽക്കാൻ തയാറാകണമെന്നും എല്ലാവരും ഹിന്ദി എന്ന ഒറ്റ മേൽവിലാസത്തിലാണ് സൗദിയിൽ നിലനിൽക്കുന്നതെന്ന ബോധം ഉണ്ടാകണമെന്നും സാമൂഹിക പ്രവർത്തകൻ നാസർ മദനി പറഞ്ഞു. വിദ്വേഷം പരത്താനുള്ള ഇടമാക്കി സോഷ്യൽ മീഡിയകളെ മാറ്റുന്നത് സൗദി അധികൃതർ ഗൗരവപൂർവമാണ് വീക്ഷിക്കുന്നതെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.