ഭിന്നശേഷിക്കാരുടെ സാമൂഹിക പരിരക്ഷക്ക് മുന്നിട്ടിറങ്ങണം –ഇ.ടി. മുഹമ്മദ് ബഷീര്‍
text_fieldsജിദ്ദ: ഭിന്നശേഷിക്കാരുടെ സാമൂഹിക പരിരക്ഷക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത് കാലഘട്ടത്തിൻെറ അനിവാര്യതയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ അപര്യാപ്തമാണെന്നും ഭിന്നശേഷിക്കാർക്കായി കർമനിരതരാവുന്നത് പുണ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. 'പ്രദീപ്തം, പ്രോജ്ജ്വലം' എന്ന ശീർഷകത്തിൽ ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) ഓൺലൈൻ വഴി സംഘടിപ്പിച്ച റമദാന് ടോക് സീരീസ് സീസണ് രണ്ട് സെഷന് രണ്ട് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ജീവിതം വെല്ലുവിളിയാണെന്നും അത്തരം വ്യക്തികള്‍ക്ക് സമൂഹം പരിരക്ഷ നല്കിയാല് അവര്‍ക്ക് പ്രതികൂലതകളെ അനുകൂലതകളാക്കാന് സാധിക്കുമെന്നും ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന് ഫോര്‍ ദ ബ്ലൈന്‍ഡ് (ജി.എഫ്.ബി) പ്രസിഡൻറ് കൂടിയായ ഇ.ടി കൂട്ടിച്ചേര്‍ത്തു. ഈ രംഗത്തുള്ള തൻെറ ദീര്‍ഘകാല അനുഭവങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.
ജി.ജി.ഐ പ്രസിഡൻറ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. കുറച്ചുപേര്‍ക്ക് ദൈവം കാഴ്ചശക്തി നല്‍കാത്തത് കാഴ്ചശക്തിയുള്ളവരെ പരീക്ഷിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ബഹുമുഖ പ്രതിഭകളും ഭിന്നശേഷിക്കാരുമായ ഡോ. സി. ഹബീബ് (അസി. പ്രഫസർ, ഫാറൂഖ് കോളജ്), സി. അക്ബര്‍ (അസി. പ്രഫസർ, മലപ്പുറം ഗവ. കോളജ്) എന്നിവർ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. അടങ്ങാത്ത അഭിനിവേശവും ആര്‍ജവവും ഉണ്ടെങ്കില്‍, അസാധ്യമായി ലോകത്ത് ഒന്നുമില്ലെന്ന് ഡോ. സി. ഹബീബ് പറഞ്ഞു. കുടുംബ പാരമ്പര്യമോ ഉന്നതകുലജാതനാണെന്നതോ അല്ല പ്രധാനമെന്നും പ്രവര്‍ത്തനമാണ് ഒരാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതെന്നും സി. അക്ബര്‍ പറഞ്ഞു.
വിശുദ്ധ ഖുർആൻെറ വെള്ളിവെളിച്ചം കാഴ്ചശക്തിയില്ലാത്തവരുടെ ജീവിതം പ്രദീപ്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഹബീബ്-അക്ബര്‍ ഇരട്ട സഹോദരങ്ങളുടെ സഹോദരിയും ജിദ്ദ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയുമായ ഹബീറ ടീച്ചര്‍ സഹോദരന്മാരുമായുള്ള കൂട്ടിക്കാലത്തെ മധുരാനുഭവങ്ങള്‍ പങ്കുവെച്ചു. മുസ്തഫ മാസ്റ്റര്‍ (ജി.ഫ്.ബി), ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ, ജി.ജി.ഐ ട്രഷററും ജി.എഫ്.ബി വൈസ് പ്രസിഡൻറുമായ പി.വി. ഹസന് സിദ്ദീഖ് ബാബു എന്നിവര്‍ സംസാരിച്ചു. ജി.ജി.ഐ വൈസ് പ്രസിഡൻറുമാരായ ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.