‘സാമൂഹിക സുരക്ഷ പദ്ധതി’; റിയാദിൽ കാമ്പയിൻ ഊർജിതപ്പെടുത്തുമെന്ന് കെ.എം.സി.സി
text_fieldsറിയാദ്: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സാമൂഹിക സുരക്ഷ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്ന കാമ്പയിൻ ഊർജിതപ്പെടുത്തുവാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഡിസംബർ 15 വരെയാണ് കാമ്പയിൻ കാലാവധി. കഴിഞ്ഞ തവണത്തേക്കാൾ അംഗങ്ങളെ ഇത്തവണ പദ്ധതിയുടെ ഭാഗമാക്കും. മുഴുവൻ ഏരിയകളിലും പ്രചരണം എത്തിക്കും. പ്രവാസികൾക്കിടയിലെ ഏറ്റവും മാതൃകാപരമായ പരസ്പര സഹായ പദ്ധതിയാണ് സുരക്ഷ പദ്ധതി. അംഗങ്ങൾക്ക് ചികിത്സാസഹായവും, മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുന്ന പദ്ധതി പ്രവാസ സമൂഹം ഏറ്റെടുത്തതാണ്. മുമ്പ് അംഗങ്ങളായവർ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയാലും പദ്ധതിയിൽ അംഗത്വം പുതുക്കുവാൻ കഴിയുന്നതാണ്. ‘ഹദിയത്തുറഹ്മ’ എന്ന പേരിൽ പെൻഷൻ പദ്ധതിയും ഇതിന്റെ ഭാഗമായി നടന്നുവരുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സഹായം കഴിഞ്ഞ കാലങ്ങളിൽ നൽകുവാൻ കഴിഞ്ഞത് പ്രവാസ ലോകത്തെ നന്മയുള്ള മനുഷ്യരുടെ സഹായം കൊണ്ടാണെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
ഉസ്മാൻ അലി പാലത്തിങ്ങൽ, അബ്ദുറഹ്മാൻ ഫറൂഖ്, കബീർ വൈലത്തൂർ, ഷാഫി തുവ്വൂർ, സിറാജ് മേടപ്പിൽ എന്നിവർക്ക് സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല നൽകി. ഉസ്മാൻ അലി പാലത്തിങ്ങൽ, യു.പി. മുസ്തഫ, സത്താർ താമരത്ത്, മജീദ് പയ്യന്നൂർ, അഷ്റഫ് കൽപകഞ്ചേരി, അഡ്വ. അനീർ ബാബു, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, മാമുക്കോയ ഒറ്റപ്പാലം, പി.സി. അലി വയനാട്, പി.സി. മജീദ്, നാസർ മാങ്കാവ്, മുനീർ വാഴക്കാട്, ജാഫർ കുന്ദമംഗലം, സിദ്ധീഖ് കോങ്ങാട്, ഷാഫി കാസർകോട്, ജലീൽ കരിക്കന എറണാകുളം, ഷറഫ് വയനാട് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും സുരക്ഷ സമിതി ചെയർമാൻ അബ്ദുറഹ്മാൻ ഫറൂഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.