സാമൂഹിക പ്രവർത്തകൻ ദയാനന്ദന് ഹരിപ്പാട് നാട്ടിലേക്ക് മടങ്ങുന്നു
text_fieldsറിയാദ്: 28 വര്‍ഷത്തെ ഗള്‍ഫ് പ്രവാസം അവസാനിപ്പിച്ച് റിയാദിലെ കേളി കലാസാംസ്കാരിക വേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗവും മുന്‍ പ്രസിഡൻറുമായ ദയാനന്ദന് ഹരിപ്പാട് നാട്ടിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ജോലി സംബന്ധമായ പ്രശ്നങ്ങളാല്‍ കേളിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. 1976ലാണ് ദയാനന്ദന് പ്രവാസത്തിന് തുടക്കം കുറിക്കുന്നത്. 17 വര്‍ഷത്തോളം വടക്കേ ഇന്ത്യയില്‍ ചണ്ഡിഗഢിൽ ജോലി ചെയ്തശേഷമാണ് 1993ല്‍ റിയാദിലെത്തുന്നത്. ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയാണ് സ്വദേശം. ഭാര്യ: ഷീജ. ഏക മകന് മേജര്‍ ഡോ. മോഹിത് ദയാനന്ദന് ആംഡ് ഫോഴ്സസ് മെഡിക്കല്‍ സർവിസില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.
2002ലാണ് കേളിയില്‍ അംഗമാകുന്നത്. വിവിധ സംഘടനാ ചുമതലകള്‍ നിർവഹിച്ച ദയാനന്ദന് റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തും സജീവമായിരുന്നു. കേളി സാംസ്കാരിക വിഭാഗം കണ്‍വീനര്‍, കേന്ദ്ര കമ്മിറ്റി അംഗം, കേന്ദ്ര ജോയൻറ് ട്രഷറര്‍, കേന്ദ്ര കമ്മിറ്റി പ്രസിഡൻറ്, മീഡിയ വിഭാഗം കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഗള്‍ഫ് ദേശാഭിമാനിയുടെ റിയാദ് ബ്യൂറോ ലേഖകനുമായിരുന്നു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അംഗവുമായി പ്രവർത്തിച്ചിരുന്നു. ബത്ഹ അപ്പോളോ ഡിമോറോ ഹോട്ടലില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് നടന്ന യാത്രയയപ്പ് യോഗത്തില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗവും കേന്ദ്ര ആക്ടിങ് സെക്രട്ടറിയുമായ ടി.ആര്. സുബ്രഹ്മണ്യന് ചടങ്ങില്‍ സ്വാഗതം പറഞ്ഞു.
രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ്കുമാര്‍, ഗോപിനാഥന് വേങ്ങര, ആക്ടിങ് പ്രസിഡൻറ് ചന്ദ്രന് തെരുവത്ത്, വൈസ് പ്രസിഡൻറുമാരായ സുരേന്ദ്രന് കൂട്ടായി, പ്രഭാകരന് കണ്ടോന്തര്‍, ജോയൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രേട്ടറിയറ്റ് അംഗം ഷമീര്‍ കുന്നുമ്മല്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാരായ അനില്‍ അറക്കല്‍, മനോഹരന്, ജോഷി പെരിഞ്ഞനം, പ്രദീപ് കൊട്ടാരത്തില്‍, ബാലകൃഷ്ണന്, ഫിറോസ് തയ്യില്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഒ.പി. മുരളി, സുനില്‍ മലസ്, മധു ബാലുശ്ശേരി, ബേബിക്കുട്ടി മാത്യു, ബോബി മാത്യു, പ്രദീപ് രാജ്, ലിബിന്, സെന്‍ ആൻറണി, ന്യുസനാഇയ്യ സെന്‍ട്രല്‍ യൂനിറ്റിനെ പ്രതിനിധാനം ചെയ്ത് ബൈജു ബാലചന്ദ്രന്, മാധ്യമ വിഭാഗം പ്രതിനിധി ജവാദ് പരിയാട്ട്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, സീനിയര്‍ അംഗമായ പ്രകാശന് ബത്ഹ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര രക്ഷാധികാരി സമിതിയുടെ ഉപഹാരം കണ്‍വീനര്‍ കെ.പി.എം. സാദിഖ് ദയാനന്ദന് കൈമാറി. ബൈജു ബാലചന്ദ്രനും ബേബി ചന്ദ്രകുമാറും ചേര്‍ന്ന് ന്യുസനാഇയ്യ സെന്‍ട്രല്‍ യൂനിറ്റിനുവേണ്ടിയും മധു ബാലുശ്ശേരിയും ചന്ദ്രന് തെരുവത്തും ചേര്‍ന്ന് ബദീഅ ഏരിയക്കുവേണ്ടിയും ദയാനന്ദനെ പൊന്നാട അണിയിച്ചു. യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി ദയാനന്ദന് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.