നാല് വർഷമായി ദുരിതത്തിലായ ബിഹാർ സ്വദേശിക്ക് തുണയായി സാമൂഹിക പ്രവർത്തകൻ
text_fieldsഅബഹ: അബഹയിൽ വാഹനാപകട കേസിൽപെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന ബിഹാർ സ്വദേശിക്ക് ഒടുവിൽ മോചനം. താൻ ഓടിച്ചിരുന്ന, ഇൻഷുറൻസ് ഇല്ലാത്ത സ്പോൺസറുടെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് 18,000 റിയാൽ കേസിലായ ബിഹാർ പട്ന സ്വദേശി നന്ദ് കിഷോർ തിവാരിയാണ് നാട്ടിൽ പോകാനാകാതെ കുരുക്കിലായത്.
ഖമീസ് മുശൈത്തിൽ സ്വദേശി പൗരന്റെ വീട്ടിൽ ജോലി നോക്കുന്നതിനിടെയാണ് തന്റെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുന്നത്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ കേടുപാട് സംഭവിച്ച വാഹനത്തിന് 18,000 റിയാൽ നൽകാൻ ട്രാഫിക് വിഭാഗം നിർദേശിക്കുകയായിരുന്നു. ഇതറിഞ്ഞ സ്പോൺസർ ഇദ്ദേഹത്തെ കൈയൊഴിയുകയും മക്കയിലെ മറ്റൊരു വ്യക്തിക്ക് കൈമാറുകയും ചെയ്തു.
എന്നാൽ അവിടെ ജോലിയെടുക്കുന്നതിനിടയിൽ ഇദ്ദേഹത്തെ ഒളിച്ചോട്ടക്കാരനായി (ഹുറൂബ്) രേഖപ്പെടുത്തി. ശേഷം താൻ റിയാദിലെത്തിയെങ്കിലും നഷ്ടപരിഹാരത്തുക കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് തന്റെ വീടും പറമ്പും വിറ്റാണ് 18,000 റിയാൽ നൽകിയതെന്ന് നന്ദ് കിഷോർ പറയുന്നു.
നഷ്ടപരിഹാരത്തുക നൽകിയെങ്കിലും നാട്ടിൽ പോകാനുള്ള രേഖകൾ ശരിയാകാത്തതിനെ തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. അവർ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുമായ ഹനീഫ് മഞ്ചേശ്വരത്തെ ഇദ്ദേഹത്തിന്റെ കാര്യങ്ങളിൽ ഇടപെടാൻ ചുമതലപ്പെടുത്തി.
ഇദ്ദേഹം രേഖകൾ ശരിയാക്കിയതിനെ തുടർന്ന് കോൺസുലേറ്റ് നൽകിയ ടിക്കറ്റിൽ നന്ദ് കിഷോർ തിവാരി അബഹയിൽ നിന്നും ജിദ്ദ വഴി പട്നയിലേക്ക് കഴിഞ്ഞദിവസം യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.