സാമൂഹിക പ്രവർത്തകൻ ബാലകൃഷ്ണൻ നാട്ടിലേക്ക് മടങ്ങുന്നു
text_fieldsറിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ നവോദയ കലാസാംസ്കാരിക വേദി പ്രസിഡൻറ് ബാലകൃഷ്ണന് സംഘടനയുടെ പ്രവർത്തകർ യാത്രയയപ്പ് നൽകി. നാലു വർഷമായി പ്രസിഡൻറ് പദവി വഹിക്കുന്ന ബാലകൃഷ്ണന് സംഘടനയുടെ ഉപഹാരം സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ കൈമാറി. നവോദയ കുടുംബവേദി, ശിഫ, ബത്ഹ, ഹാര, മുറൂജ്, ന്യൂസനാഇയ, ഫഹാസ് അൽദൗരി, അസീസിയ തുടങ്ങിയ യൂനിറ്റുകളും ഉപഹാരങ്ങൾ കൈമാറി. റിയ സാംസ്കാരിക വേദിയെ പ്രതിനിധാനം ചെയ്ത് ക്ലീറ്റസ്, അബ്ദുൽ സലാം എന്നിവർ പൊന്നാടയണിയിച്ചു. എൻ.ആർ.കെ വെൽഫെയർ ഫോറം പ്രതിനിധി സത്താർ കായംകുളം ചടങ്ങിൽ പങ്കെടുത്തു. യാത്രയയപ്പ് യോഗം ബാബുജി കടയ്ക്കൽ ഉദ്ഘാടനം ചെയ്തു. നിസ്വാർഥ സേവനത്തിെൻറ ഏറ്റവും വലിയ മാതൃകയാണ് ബാലകൃഷ്ണനെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. രവീന്ദ്രൻ പയ്യന്നൂർ, പൂക്കോയ തങ്ങൾ, ഷാജു പത്തനാപുരം, ലളിതാംബിക അമ്മ, കലാം, ശ്രീരാജ്, അനിൽ മണമ്പൂർ, ഗ്ലാഡ്സൺ, മനോഹരൻ, അനിൽ പിരപ്പൻകോട്, ഷഫീഖ്, സലിം, മിഥുൻ, കാജൽ, ആതിര ഗോപൻ, കുമ്മിൾ സുധീർ, നിബു വർഗീസ്, വിനോദ് കൃഷ്ണ, ക്ലീറ്റസ് തുടങ്ങിയവരും സംസാരിച്ചു. നാട്ടിൽനിന്നും നവോദയയുടെ മുൻകാല ഭാരവാഹികളായ ഉദയഭാനു, രതീഷ്, അൻവാസ്, നിസാർ അഹമ്മദ് എന്നിവർ ഓൺലൈൻവഴി സംസാരിച്ചു. ചടങ്ങിൽ നവോദയ വൈസ് പ്രസിഡൻറ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ബാലകൃഷ്ണൻ ബോംബയിൽ ബി.പി.എൽ കമ്പനിയിൽ ജോലിചെയ്യവെ 1998ലാണ് പാനസോണിക് വിതരണ കമ്പനിയായ അൽഈസായിയുടെ നേരിട്ടുള്ള റിക്രൂട്ട്മെൻറ് വിസയിൽ ജിദ്ദയിലെത്തുന്നത്.
ടെലികമ്യൂണിക്കേഷനിലും ഇലക്ട്രോണിക്സിലും ഐ.ടി.സി സർട്ടിഫിക്കറ്റുള്ള അദ്ദേഹത്തിന് ഇലക്ട്രോണിക്സ് സർവിസ് ആൻഡ് മെയിൻറനൻസ് സെക്ഷനിൽ ആയിരുന്നു ജോലി. ഏതാനും മാസങ്ങൾക്കുശേഷം റിയാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. റിയാദിൽ നവോദയ രൂപവത്കരിച്ചതോടെ സംഘടനയുടെ ഹാര യൂനിറ്റ് ഭാരവാഹിയായി പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് കേന്ദ്ര കമ്മിറ്റി അംഗം, പ്രസിഡൻറ് എന്നീ നിലകളിലേക്ക് ഉയർന്നു. നവോദയ ആർട്സ് അക്കാദമിയുടെ ചുമതലയും ബാലകൃഷ്ണനാണ് വഹിച്ചിരുന്നത്. സ്കൂൾ വിദ്യാർഥികളായ മേഘ, അനഘ എന്നിവർ മക്കളും സ്മിത ഭാര്യയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.