സൗദിയിലെ മലയാളി സാമൂഹികപ്രവർത്തകൻ നാട്ടിൽ മരിച്ചു
text_fieldsജിസാൻ: ദീർഘകാലം സൗദിയിൽ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന മലയാളി നാട്ടിൽ നിര്യാതനായി. ജിസാനിലെ സാമൂഹിക പ്രവർത്തകനും തനിമ കലാസാംസ്കാരിക വേദി ജിസാൻ ഏരിയ മുൻ പ്രസിഡന്റുമായിരുന്ന മലപ്പുറം എടത്തനാട്ടുകര സ്വദേശി മുഹമ്മദ് അലി (61) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ജിസാനിലെ സാമൂഹിക സേവന മേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മുഹമ്മദ് അലി ജിസാനിൽ 30ൽ ഏറെ വർഷമായി ബിസിനസ് മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. അർബുദ ബാധയെ തുടർന്നാണ് നാട്ടിൽ ചികിത്സക്ക് പോയത്. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുറച്ചുവർഷം ജിദ്ദയിൽ താമസിച്ചിരുന്നു. ആ സമയത്ത് തനിമ ജിദ്ദ ഘടകത്തിലും സജീവമായി പ്രവർത്തിച്ചിരുന്നു.
ജിസാൻ അൽമാരിഫ സ്‌കൂളിൽ അധ്യാപികയായ മുംതാസ് ആണ് ഭാര്യ. മക്കൾ: ഡോ. മുഹ്‌സിന, മുർഷിദ്, മുനീസ്. സഹോദരങ്ങൾ: അബ്ദുൽ അസീസ്, നൗഷാദ് ബാബു. കൂടാതെ അഞ്ചു സഹോദരിമാരും. മഞ്ചേരി പട്ടർക്കുളം സലഫി മസ്ജിദിൽ മയ്യിത്ത് ഖബറടക്കി.
മുഹമ്മദ് അലി എടത്തനാട്ടുകരയുടെ വേർപാടിൽ ജിസാനിലെ സാമൂഹിക സംഘടനകളായ കെ.എം.സി.സി, തനിമ, ജല, ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. ജിസാൻ സനയ്യയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.