ആത്മഹത്യയുടെ വക്കിലെന്ന് ഫേസ്ബുക്ക് ലൈവിട്ട യുവാവിന് സാമൂഹികപ്രവർത്തകർ തുണയായി
text_fieldsഅബഹ: ഇഖാമയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിൽ പോകാനാവാതെ വലയുന്നതിനിടയിൽ ആത്മഹത്യയുടെ വക്കിലെന്ന് ഫേസ്ബുക്ക് ലൈവിട്ട മലയാളി യുവാവിന് പ്രവാസികൾ തുണയായി. സാമൂഹികപ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹായത്തോടെ കൊല്ലം പാരിപ്പള്ളി സ്വദേശി അഭിലാഷ് നാട്ടിലേക്ക് മടങ്ങി. രേഖയില്ലാതെ ദുരിതത്തിൽ കഴിയുന്നതിനിടയിലാണ് നാട്ടിൽ ഭാര്യക്ക് രോഗം ബാധിച്ചത്. എങ്ങനെയെങ്കിലും നാട്ടിലെത്താൻ സഹായം തേടി സമീപിച്ച ചിലർ ചതിക്കുകയും ചെയ്തു. ഖമീസ് മുശൈത്തിലെ പല സാമൂഹികപ്രവർത്തകരേയും സഹായം തേടി സമീപിച്ചിരുന്നു. ഒരു മലയാളി ആറായിരം റിയാൽ വാങ്ങി നാട്ടിൽ പോകാനുള്ള രേഖകൾ ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ പിന്നീട് ഫോൺ പോലും എടുക്കാതെ അയാൾ മുങ്ങി. ആ പണവും നഷ്ടമായി.
മറ്റൊരാൾ സഹായവാഗ്ദാനവുമായി എത്തി. അഞ്ച് മാസത്തോളം ഒരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. ഇതിനിടയിൽ ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു. താമസിക്കുന്നിടത്ത് നിന്ന് മാറേണ്ടിവരുകയും ചെയ്തു. ദുരിതം ഇരട്ടിയായി. മാസങ്ങൾ കഴിഞ്ഞിട്ടും രേഖകൾ ശരിയാക്കി തരാമെന്ന് പറഞ്ഞ രണ്ടാമത്തെയാളും വിളിച്ചാൽ ഫോൺ എടുക്കാതായപ്പോഴാണ് തന്റെ ബുദ്ധിമുട്ടുകൾ വിവരിച്ചും ആത്മഹത്യയുടെ വക്കിലാണെന്നും സഹായമഭ്യർഥിച്ചും ഫേസ്ബുക്കിലൂടെ ലൈവ് വിഡിയോ ചെയ്തത്.
അത് വൈറലായി. ഒറ്റ ദിവസം കൊണ്ട് രണ്ടുലക്ഷത്തോളം ആളുകൾ വിഡിയോ കണ്ടു. പതിനായിരത്തിനടുത്ത് ഷെയർ ഉണ്ടാവുകയും ചെയ്തു. ഈ പോസ്റ്റു കാണാനിടയായ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം കമ്മിറ്റി അംഗം അഷ്റഫ് കുറ്റിച്ചൽ ഒ.ഐ.സി.സി ഖമീസ് സനാഇയ യൂനിറ്റ് പ്രസിഡന്റ് പ്രസാദ് നാവായിക്കുളത്തിന്റെ സഹായത്തോടെ അഭിലാഷിന്റെ താമസയിടം കണ്ടെത്തുകയും നാട്ടിലയക്കാൻ വേണ്ടത് ചെയ്യാമെന്ന് വാക്കു കൊടുക്കുകയും ചെയ്തു.
ചില നിയമതടസ്സങ്ങൾ കാരണം അബഹയിലെ പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റ് ഓഫിസിൽനിന്ന് എക്സിറ്റ് വിസ ലഭിക്കില്ല എന്ന് മനസിലാക്കിയതോടെ മറ്റൊരു വഴി തെളിഞ്ഞുവരുന്നതുവരെ ഒരു ജോലി സംഘടിപ്പിച്ച് നൽകി തൽക്കാലം സൗദിയിൽ തന്നെ നിർത്താനായി അഷ്റഫ് കുറ്റിച്ചലിന്റെ ശ്രമം. പ്രസാദ് നാവായിക്കുളത്തിന്റെ സഹായത്താൽ ഒരു ജോലി ശരിയാക്കി. താമസത്തിനുള്ള സൗകര്യവും നൽകി. തുടർന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഷാഹിദ് ആലമിനോട് അഭ്യർഥിക്കുകയും അദ്ദേഹം നൽകിയ നിർദ്ദേശാനുസരണം കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഇക്ബാൽ ജിദ്ദ ജവാസത്ത് ഓഫിസിനെ സമീപിച്ച് എക്സിറ്റ് വിസ തരപ്പെടുത്തുകയുമായിരുന്നു.
മന്തി ജസീറ റിജാൽ അൽമ കമ്പനി മാനേജിങ് പാർട്ട്ണർ മുനീർ കൊടുവള്ളി സൗജന്യമായി വിമാന ടിക്കറ്റ് നൽകി. ഫ്ലൈ ദുബൈ വിമാനത്തിൽ അബഹയിൽ നിന്നും കൊച്ചിയിലേക്ക് യാത്രയായി. റോയി മൂത്തേടം, മുഹമ്മദ് കുഞ്ഞി, മുനീർ കൊടുവള്ളി, അൻസാരി കുറ്റിച്ചൽ എന്നിവരും സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.