ഈത്തപ്പഴത്തിൽനിന്ന് ശീതളപാനീയം; ‘മിലാഫ് കോള’ വിപണിയിലിറക്കി സൗദി അറേബ്യ
text_fieldsറിയാദ്: ഈത്തപ്പഴത്തിൽനിന്ന് വേർതിരിച്ചെടുത്ത ആദ്യ ശീതളപാനീയമായ ‘മിലാഫ് കോള’ സൗദി അറേബ്യ പുറത്തിറക്കി. അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ ശീതളപാനീയ ബ്രാൻഡുകളുമായി മത്സരിക്കുന്ന രാജ്യാന്തര ഉൽപന്നമായാണ് സൗദി പൊതുനിക്ഷേപഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ‘തുറാസ് അൽമദീന കമ്പനി’ മിലാഫ് കോള പുറത്തിറക്കിയത്. അന്താരാഷ്ട്ര ഭക്ഷണനിലവാരം അനുസരിച്ചാണ് ഇത് തയാറാക്കുന്നത്.
റിയാദിൽ നടന്ന വേൾഡ് ഓഫ് ഡേറ്റ്സ് എക്സിബിഷനിൽ മിലാഫ് കോളയുടെ ലോഞ്ചിങ് സാക്ഷ്യംവഹിച്ചു. പ്രാദേശിക വിപണിയിൽ ഇത് ഉടൻ ലോഞ്ച് ചെയ്യും. ‘മിലാഫ്’ ബ്രാൻഡിലൂടെ നിരവധി ഉൽപന്നങ്ങൾ പുറത്തിറക്കാനും സൗദി ഈത്തപ്പഴവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ വൈവിധ്യവത്കരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ലോകമെമ്പാടുമുള്ള ശീതളപാനീയങ്ങളിലേക്ക് ഒരു പ്രധാന കൂട്ടിച്ചേർക്കലായിരിക്കും ‘മിലാഫ് കോള’.
അതിന്റെ ഉപഭോഗ അളവും വരുമാനവും ഉയർന്നതാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഈത്തപ്പഴങ്ങളുടെ മൂല്യം ഉയർത്തുന്നത് കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണെന്ന് തുറാസ് അൽമദീന കമ്പനി സി.ഇ.ഒ എൻജി. ബന്ദർ അൽഖഹ്താനി പറഞ്ഞു. ഈത്തപ്പഴം മുതൽ വിപണിയിൽ ഡിമാൻഡുള്ളതും ഉയർന്ന പോഷകമൂല്യമുള്ളതുമായ ഉൽപന്നങ്ങൾ അവതരിപ്പിക്കാനാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
വരാനിരിക്കുന്ന കാലയളവിൽ ഈത്തപ്പഴം മുതൽ അതിൽനിന്ന് രൂപാന്തരപ്പെടുത്തുന്ന നിരവധി ഉൽപന്നങ്ങളിൽ പുറത്തിറക്കാൻ ഞങ്ങൾ പ്രവർത്തിക്കും. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും ഈന്തപ്പന ദേശീയ കേന്ദ്രത്തിലെയും ഞങ്ങളുടെ പങ്കാളികളുമായി സഹകരിച്ചാണിത്. ഈത്തപ്പഴവും അതിൽനിന്നുണ്ടാക്കുന്ന ഉൽപന്നങ്ങളും ഉയർന്ന പോഷകമൂല്യമുള്ള ഭക്ഷണങ്ങളിലൊന്നായി മാറുന്നതിനാണെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.