മടക്കയാത്ര മുടങ്ങി ജിദ്ദ എയർപ്പോർട്ടിൽ കുടുങ്ങിയ മലയാളി ഉംറ തീർഥാടകരുടെ പ്രശ്നത്തിന് പരിഹാരം
text_fieldsജിദ്ദ: നിശ്ചിത സമയത്ത് സ്വദേശത്തേക്ക് മടങ്ങാനാവാതെ മലയാളി ഉംറ തീർഥാടകർ ഒരു ദിവസത്തോളം ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങി. അനിശ്ചിതത്വം തീർത്ത ദുരിതങ്ങൾക്കൊടുവിൽ എല്ലാവർക്കും ബോഡിങ് പാസ് കിട്ടി. അതിൽ പലരും ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് തിരിച്ചു. ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന തീർഥാടകർക്കാണ് വിമാനത്താവളത്തിനകത്തേക്ക് യഥാസമയം കയറാനാകാത്തതിനാൽ യാത്ര മുടങ്ങിയത്. സലാം എയർലൈൻസ് വിമാനത്തിൽ മസ്കറ്റ് വഴി തിരുവനന്തപുരത്തേക്ക് പേകേണ്ടിയിരുന്ന 23 ഉം ഇൻറിഗോ വിമാനത്തിൽ നേരിട്ട് കോഴിക്കോേട്ടക്ക് പോകേണ്ട 45 ഉം തീർഥാടകരുടെ യാത്രയാണ് മുടങ്ങിയത്.
സമയത്തിന് മുമ്പ് വിമാനത്താവളത്തിലെത്തിയെങ്കിലും അകത്തേക്ക് കയറ്റിവിടാത്തതിനാലാണ് യാത്ര മുടങ്ങിയതെന്നാണ് യാത്രക്കാർ പറഞ്ഞത്. വിവിധ രാജ്യക്കാരായ തീർഥാടകരുടെ ഒരുമിച്ചുള്ള തിരിച്ചുപോക്കും പല വിമാനങ്ങളുടെ വൈകലും കാരണം വിമാനത്താവളത്തിൽ അനുഭവപ്പെട്ട തിരക്കാണ് പിന്നീട് വന്ന മലയാളികളുൾപ്പടെയുള്ള തീർഥാടകർക്ക് അകത്ത് കടക്കാൻ തടസ്സമായതും, പ്രതിസന്ധിക്കിടയാക്കിയതും. 23 അംഗ സംഘത്തിലെ അഞ്ച് പേർ നേരത്തെ തന്നെ സൗദി എയർലൈൻസ് വഴി യാത്ര തിരിച്ചിരുന്നു. ബാക്കിയുള്ളവർക്ക് ബുധനാഴ്ച വൈകിേട്ടാടെ ബോർഡിങ് പാസ് കിട്ടി ടെർമിനിലെത്താൻ സാധിച്ചു. വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഇവരെല്ലാം വൈകാതെ നാട്ടിലേക്ക് മടങ്ങും. കോഴിക്കോേട്ടക്കുള്ള യാത്രക്കാർക്കും ബോഡിങ് പാസ് ലഭിച്ചിട്ടുണ്ട്.
ബോഡിങ് പാസ് കിട്ടാതെയും വിമാനത്താവളത്തിന് അകത്തുകയറാനാവാതെയും ആയതോടെ യാത്രക്കാരെല്ലം വലിയ ആശങ്കയിലായിരുന്നു. എപ്പോൾ നാട്ടിലേക്ക് തിരിക്കാനാകുമെന്നറിയാതെ വിമാനത്താവളത്തിന് പുറത്ത് ഭക്ഷണം പോലും കിട്ടാതെ മണിക്കൂറുകൾ ദുരിതം സഹിക്കേണ്ടി വന്നു. ഇതിനിടയിൽ ചില സന്നദ്ധ സംഘടനകൾ ഭക്ഷണം എത്തിച്ചു നൽകിയതും പ്രശ്നപരിഹാരത്തിന് ഇടപെടലുകളുണ്ടായതും ആശ്വാസമായി.
മാർച്ച് 18 ന് ഉംറ തീർഥാടന വിസയിൽ വന്ന 23 പേരുടെ സംഘം മദീന സന്ദർശനം പൂർത്തിയാക്കി മടക്കയാത്രക്കായി ഷെഡ്യൂൾ ചെയ്ത വിമാനം കയറാൻ കൃത്യസമയത്ത് തന്നെ ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. വൈകീട്ട് അഞ്ചിനുള്ള യാത്രക്ക് ഉച്ചക്ക് 1.30 ന് തന്നെ വിമാനത്താവളത്തിൽ എത്തി. പക്ഷേ അപ്പോഴേക്കും അകത്തുകടക്കുന്നതിൽ നിന്ന് യാത്രക്കാർക്ക് വിലക്കുണ്ടായി. അതുപോലെയാണ് മറ്റൊരു ഗ്രൂപ്പിൽ വന്ന കോഴിക്കോേട്ടക്കുള്ള 45 തീർഥാടകരും പ്രതിസന്ധിയിലായത്. ബോഡിങ് പാസ് കിട്ടിയതോടെ വലിയ ആശ്വാസത്തിലാണ്. സഹായിക്കാൻ മുന്നോട്ട് വന്ന സാമൂഹിക പ്രവർത്തകരോടെല്ലാം നന്ദി പറയുകയാണ് അവരെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.