പുതിയ സിനിമകളിൽ ചിലതെങ്കിലും കുട്ടികളെ വഴിതെറ്റിക്കുന്നു -പി.പി. ജൗസീനാ ബീവി
text_fieldsജിദ്ദ: പുതിയകാലത്ത് ഇറങ്ങുന്ന പല സിനിമകളിലെയും യുവ കഥാപാത്രങ്ങളുടെ തെറ്റായ ജീവിതരീതി കൗമാരപ്രായത്തിലുള്ള കുട്ടികൾ ഒരു ട്രെൻഡായി അപ്പടി പകർത്തുന്നുണ്ടെന്നും ഇത് അവരെ വഴിതെറ്റിക്കാൻ ഇടയാക്കുന്നുണ്ടെന്നും പ്രശസ്ത ഫാമിലി കൗൺസലിങ് സൈക്കോളജിസ്റ്റും ട്രെയിനറുമായ പി.പി. ജൗസീനാ ബീവി അഭിപ്രായപ്പെട്ടു. സിനിമയല്ല ജീവിതം എന്ന തിരിച്ചറിവിനുള്ള പ്രായത്തിന് മുമ്പേ കുട്ടികൾ ഇത്തരം തെറ്റായ മാർഗത്തിൽ സഞ്ചരിക്കുന്നത് കുടുംബങ്ങളിൽ വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് താൻ മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ജാഗരൂകരായില്ലെങ്കിൽ വരുംതലമുറയെ രക്ഷിക്കാനാവാതെ വരുമെന്നും ഹ്രസ്വസന്ദർശനത്തിന് ജിദ്ദയിലെത്തിയ പി.പി. ജൗസീനാ ബീവി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മനുഷ്യ ജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടക്കുള്ള ശാരീരികവും മാനസികവുമായ സങ്കീർണ പരിവർത്തന കാലഘട്ടമാണ് കൗമാരം. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണിത്.പണ്ട് 13 വയസ്സ് മുതലാണ് കൗമാരം കണക്കാക്കിയിരുന്നതെങ്കിൽ ഇപ്പോഴത്തെ ആഹാര, ജീവിതരീതിയൊക്കെ അനുസരിച്ചും ഓരോരുത്തരുടെ ശാരീരിക വ്യത്യാസമനുസരിച്ചും ഒമ്പത് വയസ്സു മുതൽ തുടങ്ങി 20 വയസ്സു വരെയാണ് കൗമാരകാലം എന്ന് പറയുന്നത്. മാനസികവും ശാരീരികവും സാമൂഹികവും ആയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി കൗമാരത്തെ മൂന്ന് ഘടകങ്ങളായി തിരിക്കാം. ഒന്ന്, ശാരീരിക വളർച്ചയോടൊപ്പം പ്രായപൂർത്തിയാകുന്നു. രണ്ട്, ശാരീരിക വളർച്ചയോടൊപ്പം മാനസികവും വൈകാരികവും സാമൂഹികവുമായ വളർച്ചയും മാറ്റങ്ങളും പ്രകടമാകുന്നു. മൂന്ന്, ശാരീരിക വളർച്ചയോടൊപ്പം മാനസികവും വൈകാരികവും സാമൂഹികവുമായ വളർച്ചയും മാറ്റങ്ങളും പ്രകടമാക്കുന്നു.
ഈ കാലഘട്ടത്തിൽ സ്ത്രീ, പുരുഷന്മാർ ആയി മാറുകയും ഏറ്റവും കൂടുതൽ ശാരീരിക മാറ്റങ്ങൾ നടക്കുകയും ഉയരം വെക്കുകയും പെൺകുട്ടികൾ പുഷ്ടി പ്രാപിക്കുകയും ചെയ്യുന്നു. സ്ത്രീ, പുരുഷ ഹോർമോണുകളുടെ പ്രവർത്തനം ആരംഭിക്കുന്നു. എന്നെ എല്ലാവരും ശ്രദ്ധിക്കുന്നു എന്ന ബോധം ഉണ്ടാവുകയും, ഞാൻ പറയുന്നത് സ്വീകരിക്കാൻ ആളുണ്ട് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എനിക്ക് എന്റെ വഴി എന്ന് ചിന്തിക്കുന്നു. എല്ലാം തെളിയിക്കണമെന്ന് മനോഭാവം ഉണ്ടാകുന്നു. പുകയില, മദ്യപാനം തുടങ്ങിയവ പരീക്ഷിച്ചു നോക്കാൻ താല്പര്യം കാണിക്കുന്നു. മാതാപിതാക്കളുടെ മൂല്യങ്ങളും അധികാരങ്ങളും ചോദ്യം ചെയ്യപ്പെടുകയും എതിർലിംഗത്തോട് ആകർഷകം തോന്നുകയും ചെയ്യുന്നു. സ്വാതന്ത്ര്യ മോഹം കൂടുന്നു, വസ്ത്രധാരണം, പാട്ടുകൾ, പഠനരീതി, ഹെയർ സ്റ്റൈൽ എന്നിവയിൽ പരീക്ഷണം നടത്തുകയും കൂടുതൽ ദേഷ്യപ്പെടുകയും അക്രമാശക്തമാവുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ് കൗമാര കാലഘട്ടം.
ഈ കാലഘട്ടത്തിൽ രക്ഷിതാക്കളുടെ ഉപദേശനിർദേശങ്ങൾ കുട്ടികൾ ചെവി കൊള്ളണമെന്നില്ല. ഉപദേശ നിർദേശങ്ങൾ അവർ അവജ്ഞയോടെ കാണുകയും അതിനോട് ശക്തമായ രീതിയിൽ പ്രതികരിക്കുകയും ചെയ്യുന്നു. അതിനാൽ ഇതിന് പരിഹാരമായി നമുക്ക് ചെയ്യാൻ കഴിയുക, നാം അവരോടൊപ്പം ഒരാളായി, കൂട്ടുകാരനായി, കൂട്ടുകാരിയായി അവരുടെ ഇഷ്ടനിഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കുക എന്നതാണ്. അവർക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം നൽകിയും അവരുടെ ഇഷ്ടങ്ങൾ കണ്ടെത്തിയും നാം നിയന്ത്രണങ്ങൾ കൽപ്പിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും അതിന്റെ നിയമവശങ്ങൾ കണ്ടെത്താനുള്ള വഴികൾ കാണിച്ച് കൊടുത്തും അവ വൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെടുത്തിയും അവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനുള്ള അവസരം ഒരുക്കികൊടുക്കുക. അവരുടെ ശരീരത്തെ ആഘോഷമാക്കുന്ന സമയമാണിത്. കണ്ണാടിക്കു മുമ്പിൽ കൂടുതൽ സമയം കഴിച്ചു കൂട്ടുകയും, ബോഡി ബിൽഡിങ്, സിക്സ്സ് പാക്ക് എന്നിവ വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സമയമായതിനാൽ, ഇതുപോലുള്ള പ്രവർത്തങ്ങൾ നടത്തുന്നത് കൊണ്ട് അവരുടെ ശരീരത്തെ കളിയാക്കുരുത്. അവർക്കു വേണ്ട ഭക്ഷണവും കളിക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യങ്ങളും ഒരുക്കികൊടുക്കണം. ഈ പ്രായത്തിൽ കുട്ടികൾക്ക് വീടുകളിൽ സമപ്രായക്കാർ കുറവായതിനാൽ കുട്ടികളുമായി കളിക്കുമ്പോൾ കാരണവന്മാർ 'നീ പോത്ത് പോലെ വളർന്നിട്ടും കുട്ടികളോടൊപ്പം കളിക്കുകയാണോ?' എന്ന് പറയുകയും വലിയവരോടൊപ്പം കളിക്കാൻ ചെന്നാൽ അവർ അവനെ കളികളിൽ ചേർക്കാതിരിക്കുകയും ചെയ്യുമ്പോൾ താൻ വലുതാണോ, ചെറുതാണോ എന്നുള്ള കൺഫ്യൂഷൻ അവനിൽ ഉണ്ടാകുന്നു.
ഈ പ്രായത്തിൽ പ്രധാനമായും നടക്കുന്ന ഒരു പ്രവണതയാണ് പ്രണയം. വീട്ടിൽ നിന്നും കിട്ടാത്ത എന്തോ ഒന്ന് പുറത്തുനിന്നും കിട്ടുമ്പോൾ അതിനോട് ഒരു ഇഷ്ടം തോന്നുകയും സോഷ്യൽ മീഡിയയിൽ നിന്നും കൂട്ടുകാരിൽ നിന്നും ലഭിച്ച അറിവുകൾ അനുസരിച്ച് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടനെ വഴക്ക് പറയാതെ അവരോടൊപ്പം ചേർന്ന് കൊണ്ട് സഹകരിച്ച്, എതിർക്കാതെ അവരെ എത്രയും വേഗം അടുത്തുള്ള കൗൺസിലറുടെ സഹായത്തോടെ അതിനു പരിഹാരം കണ്ടെത്തണം. ഒരിക്കലും അതിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് അവിടെ വെച്ച് സംസാരിക്കരുത്. കൗമാരക്കാരുടെ മറ്റൊരു ട്രെന്റാണ് അതിവേഗ, അപകടകരമായ ഡ്രൈവിംങ്, സർഗാത്മക മേഖലകളോട് താല്പര്യം തോന്നുക എന്നത്. ഇതിൽ ശ്രദ്ധിക്കേണ്ടത്, പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി ശരിയായ ദിശയിൽ ഊർജം ഉപയോഗപ്പെടുത്തുകയും പോസിറ്റീവ് കമന്റുകളും അവരുടെ വ്യക്തിത്വത്തെ മാനിക്കുകയും ചെയ്യുന്ന രീതിയിൽ അവർക്ക് ബോധ്യമാകുന്ന വിധത്തിൽ മാത്രം പ്രതികരിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുക എന്നതാണ്. അതോടൊപ്പം, തന്നെ സ്നേഹിക്കാൻ ഒരാൾ വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടാവാം. അത് നമ്മൾ ആവുകയും, അവരുടെ ഈ കാലഘട്ടത്തിൽ വരുന്നതായ വ്യതിയാനങ്ങളെ നിയന്ത്രിച്ച് മുന്നോട്ടു കൊണ്ടുപോകാൻ രക്ഷിതാക്കൾ പരമാവധി ശ്രമിക്കുകയും ചെയ്യുക എന്നതാണ് പോംവഴി. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, സംശയം തോന്നുന്നതായ കാര്യങ്ങൾക്ക് അടുത്തുള്ള കൗൺസിലറുമായി ബന്ധപ്പെടുന്നതിൽ യാതൊരുവിധ മടിയോ നാണക്കേടോ രക്ഷിതാക്കൾ കരുതേണ്ടതില്ല എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നതായും പി.പി ജൗസീനാ ബീവി അറിയിച്ചു.
(സാമൂഹിക സേവനത്തിനുള്ള കേന്ദ്ര അവാർഡ്, വിദ്യാർഥികൾക്കുള്ള രാജപുരസ്കാർ ട്രെയിനിങ്ങിനുള്ള ഗവർണർ അവാർഡ്, ഏറ്റവും നല്ല സ്റ്റേറ്റ് ഗൈഡ് ട്രെയിനർ എച്ച്.എസ്.ജി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ എച്ച്.എസ്.ജി സ്റ്റേറ്റ് ഓർഗനൈസിംഗ് കമീഷണർ ആണ് പി.പി ജൗസീനാ ബീവി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.