‘ആറ്റിറ്റ്യൂഡിന്റെ ആത്മാവ്’ റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംവാദം ശ്രദ്ധേയമായി
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം ‘ആറ്റിറ്റ്യൂഡിന്റെ ആത്മാവ്’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച റിംഫ് ടോക് ശ്രദ്ധേയമായി. സംഘടന നേതാക്കൾ, മാധ്യമ പ്രവർത്തകർ, വാണിജ്യ രംഗത്തെ പ്രധാനികൾ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് റിംഫ് ടോക്കിൽ പങ്കെടുത്തത്. പ്രമുഖ ഗ്രാഫോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷമ ഷനാണ് റിംഫ് ടോക് സീസൺ മൂന്നിൽ പ്രഭാഷകയായി എത്തിയത്. തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലും കുടുംബത്തിലും ഉൾപ്പെടെ ദൈനംദിന ജീവിതത്തിൽ മനുഷ്യൻ സഹവസിക്കുന്ന മേഖലകളിൽ ഇടപെടേണ്ട രീതികളെക്കുറിച്ച് സുഷമ സദസ്സുമായി സംവദിച്ചു. പോസിറ്റിവ് എനർജിയെ വലിച്ചെടുക്കുന്ന കാന്തികശക്തിയായും നെഗറ്റിവ് എനർജിയെ പുറന്തള്ളുന്ന ഉഗ്രശേഷിയുള്ള എൻജിനായും മനസ്സിനെ മാറ്റാൻ കഴിയണം. അത് പെട്ടെന്ന് സംഭവിക്കുന്ന മാറ്റമല്ല. ശരീരത്തെ ബാധിക്കുന്ന രോഗം കണ്ടെത്തും പോലെ കൃത്യമായ പരിശോധനകൾ നടത്തി ഉറവിടവും പിന്നീട് മരുന്നും കണ്ടെത്തണം. ദിനേന ഇടപെടുന്ന ചുറ്റുപാടും സമൂഹവുമാണ് നെഗറ്റിവ് സാഹചര്യത്തിന് ഹേതുവെങ്കിൽ ക്രമേണ സ്വയം പ്രതിരോധശക്തി നേടാനും പോസിറ്റിവ് സാഹചര്യങ്ങളിലേക്ക് ചുറ്റുമുള്ളവരെ കൊണ്ടുവരാനും ശ്രമിക്കണമെന്ന് സുഷമ ഷാൻ പറഞ്ഞു. ചോദ്യോത്തര വേളയിൽ സദസ്സിന്റെ സംശയങ്ങൾക്ക് സുഷമ മറുപടിയും ബന്ധപ്പെട്ട ചോദ്യങ്ങളിൽ കൃത്യമായ വിശദീകരണവും നൽകി. സാമൂഹിക-സാംസ്കാരിക പരിവർത്തനം ലക്ഷ്യംവെച്ച് അഞ്ച് വർഷം മുമ്പ് റിയാദ് ഇന്ത്യൻ മീഡിയ ഫോറം ആരംഭിച്ച റിംഫ് ടോക്കിന്റെ മൂന്നാം സീസണാണ് റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലിൽവെച്ച് സംഘടിപ്പിച്ചത്.
വ്യവസായിയും ഫ്യൂച്ചർ ഡക്റ്റ് ഫാക്ടറി സി.ഇ.ഒയുമായ അജേഷ് രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു. റിംഫ് വൈസ് പ്രസിഡന്റ് കനകലാൽ അധ്യക്ഷത വഹിച്ചു. ഇവന്റ് കോഓഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു. അതിഥിയെ പരിചയപ്പെടുത്തി മുഖ്യ രക്ഷാധികാരി വി.ജെ. നസറുദ്ദീൻ സംസാരിച്ചു. ഫ്യൂച്ചർ ഡക്റ്റിനുള്ള റിംഫിന്റെ ഉപഹാരം വെൽഫെയർ കൺവീനർ ജലീൽ ആലപ്പുഴയും പ്രഭാഷകക്കുള്ള ഉപഹാരം വി.ജെ. നസറുദ്ദീനും കൈമാറി.
ജനറൽ സെക്രട്ടറി നൗഫൽ പാലക്കാടൻ, ചീഫ് കോഓഡിനേറ്റർ നാദിർഷ റഹ്മാൻ, ജോയന്റ് സെക്രട്ടറി ഷിബു ഉസ്മാൻ, കൾച്ചറൽ കൺവീനർ മുജീബ് താഴത്തേതിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.