റിയാദിലെ ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്തി; വില്ലനായ മയോണൈസിന് വിലക്ക്
text_fieldsറിയാദ്: റിയാദ് നഗരത്തിൽ കഴിഞ്ഞ മാസമുണ്ടായ ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്തി. 'ബോൺ തൂം' എന്ന ബ്രാൻഡിലുള്ള മയോണൈസിൽ നിന്നാണ് ബാക്ടീരിയ പടർന്നതെന്ന് കണ്ടെത്തിയതായി മുനിസിപ്പൽ-ഗ്രാമകാര്യ- ഭവന മന്ത്രാലയം അറിയിച്ചു. റിയാദിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയായ ഹംബർഗിനിയിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയുണ്ടായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ഹംബർഗിനി ഉപയോഗിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ ലാബിൽ പരിശോധിച്ചപ്പോഴാണ് യഥാർഥ വില്ലൻ 'ബോൺ തൂം' ആണെന്ന് കണ്ടെത്തിയത്.
ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിപണിയിൽനിന്ന് ഇതിന്റെ എല്ലാ ബാച്ചുകളും പിൻവലിക്കാനും നിർമാണ കമ്പനി പൂട്ടാനും മന്ത്രാലയം ഉത്തരവിറക്കി. ഈ കമ്പനിയുടെ കാലാവധി കഴിയാത്ത മയോണൈസ് വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല. കോഫി ഷോപ്പുകൾ, റസ്റ്ററന്റ് ഉൾപ്പടെയുള്ള ഭക്ഷണശാലകൾ നിരോധിക്കപ്പെട്ട മയോണൈസ് സ്റ്റോക്കുണ്ടെകിൽ അത് ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
ഏപ്രിൽ 25നാണ് വിഷബാധയേറ്റ് നിരവധി പേർ ചികിത്സ തേടിയത്. ചികിത്സക്കിടെ ഒരാൾ മരിക്കുകയും 35 പേർ അതീവ ഗുരുതരാവസ്ഥയിലുമായി. നഗരത്തിൽ ഭക്ഷ്യ വിഷബാധയുണ്ടായ വിവരം ലഭിച്ചയുടൻ ആരോഗ്യ മന്ത്രാലയവും റിയാദ് മുനിസിപ്പാലിറ്റിയും ഇടപെട്ടു. മണിക്കൂറുകൾക്കകം ഏത് സ്ഥാപനത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് കണ്ടെത്തി. പ്രാഥമിക നടപടിയെന്നോണം ഹംബർഗനിയുടെ എല്ലാ ശാഖകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഓൺലൈൻ വിതരണത്തിനും വിലക്കേർപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
പ്രാഥമിക പരിശോധനയിൽ ബോട്ടിലിസം എന്ന പേരിലുള്ള ബാക്ടീരിയയാണ് വിഷബാധക്ക് കാരണമായതെന്ന് കണ്ടെത്തി. ബാക്ടീരിയ പടരുന്നത് തടയാൻ റിയാദ് മുനിസിപ്പാലിറ്റി നഗരത്തിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തി മാർഗനിർദേശനങ്ങൾ നൽകി. ഭക്ഷ്യവിഷബാധയേറ്റ് ചകിത്സക്കെത്തിയാൽ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ അടങ്ങിയ സർക്കുലർ പൊതുആരോഗ്യ വകുപ്പ് (വെകായ) ആശുപത്രികൾക്കും മെഡിക്കൽ സെന്ററുകൾക്കും നൽകി. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ പക്ഷാഘാതത്തിനും മരണത്തിനും കാരണമാകുന്ന ബോട്ടിലിസത്തിന്റെ സാന്നിധ്യം ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കിയെങ്കിലും ആരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റിയും നടത്തിയ ചടുല നീക്കം ബാക്ടീരിയ പടരുന്നത് തടഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങളിലും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന കാമ്പയിനുകൾ തുടരാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ഉറവിടത്തിൽ നിന്നുള്ള വാർത്തകളല്ലാതെ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.