ഫാൽക്കണുകെള പഠിക്കാൻ മലയാളി ജന്തുശാസ്ത്രജ്ഞന് ദക്ഷിണാഫ്രിക്കൻ ക്ഷണം
text_fieldsറിയാദ്: പ്രാപ്പിടിയൻ (ഫാൽക്കൺ) പക്ഷികളുടെ ദേശാടനത്തെക്കുറിച്ച് പഠിക്കാൻ മലയാളി ജന്തുശാസ്ത്രജ്ഞന് ദക്ഷിണാഫ്രിക്കയിൽനിന്ന് ക്ഷണം.
കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസർ ഡോ. സുബൈർ മേടമ്മലിനെ റിയാദിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മൊഗാബോ ഡേവിഡ് മഗാബെയാണ് ക്ഷണിച്ചത്.
മംഗോളിയയിൽനിന്ന് ഇന്ത്യ വഴി ദക്ഷിണാഫ്രിക്കയിലേക്കും തിരിച്ചും ദേശാടനം നടത്തുന്ന അമൂർ എന്ന ചെറിയയിനം ഫാൽക്കണുകളുടെ സഞ്ചാരപഥങ്ങളും സൗദിയിലെയും ദക്ഷിണാഫ്രിക്കയിലെയും ഫാൽക്കൺ വളർത്തലും സംരക്ഷണവുമാണ് പഠനവിഷയങ്ങൾ. ദക്ഷിണാഫ്രിക്കയിലെ ലിമ്പോപോ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് മൂന്നുവർഷം നീളുന്ന പഠനപദ്ധതിയാണ് റിയാദിലെ കൂടിക്കാഴ്ചയിൽ അംബാസഡർ മൊഗാബോ ഡേവിഡ് മഗാബെ മുന്നോട്ടുവെച്ചത്.
റിയാദിൽ സൗദി ഫാൽക്കൺ ക്ലബ് സംഘടിപ്പിച്ച ലോകത്തെ ഏറ്റവും വലിയ ഫാൽക്കൺ മേളയിൽ ക്ലാസെടുക്കാനെത്തിയ ഡോ. സുബൈർ മേടമ്മലിന്റെ പ്രഭാഷണം കേൾക്കാനിടയായ അംബാസഡർ റിയാദിലെ ദക്ഷിണാഫ്രിക്കൻ എംബസിയിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. . ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയിലെ ദക്ഷിണാഫ്രിക്കൻ എംബസി കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കത്തെഴുതുമെന്നും ഡോ. സുബൈർ മേടമ്മലിന് 10 വർഷത്തെ വിസ അനുവദിക്കുമെന്നും അംബാസഡർ അറിയിച്ചു. കൂടിക്കാഴ്ചയിൽ ഡിഫൻസ് അറ്റാഷെ കേണൽ നോമൻ കിസെൻ പങ്കെടുത്തു.
അമൂർ ഫാൽക്കണുകൾ
വേട്ടക്ക് ഉപയോഗിക്കാത്ത ഫാൽക്കണുകളാണ് അമൂർ. 40 ഇനം ഫാൽക്കണുകളിൽ ഏറ്റവും ചെറിയതരം പക്ഷിയാണ് ഇത്. ദശലക്ഷക്കണക്കിന് അമൂർ ഫാൽക്കണുകൾ മംഗോളിയയിലുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ മംഗോളിയയിൽനിന്ന് 5,600 കിലോമീറ്റർ സഞ്ചരിച്ച് നാഗാലാൻഡിലെത്തി രണ്ടാഴ്ചയോളം തങ്ങിയ ശേഷം 22,000 കിലോമീറ്റർ സഞ്ചരിച്ച് ദക്ഷിണാഫ്രിക്കയിലെത്തും. അവിടെ രണ്ടുമാസത്തോളം തങ്ങിയശേഷം മറ്റൊരു റൂട്ടിലൂടെ മംഗോളിയയിലേക്ക് തിരിച്ചുപോകും. ഈ സഞ്ചാര പഥങ്ങളെയും ദേശാടനത്തെയും കുറിച്ച് പഠിക്കാനാണ് നിർദേശം.
നാഗാലാൻഡിലെ വോക്കാ ജില്ലയിലുള്ള പാൻക്തി ഗ്രാമത്തിലാണ് ഈ പക്ഷികൾ വന്നു തങ്ങാറുള്ളത്. ഡോ. സുബൈർ മേടമ്മൽ ഇവിടെ പോയി തങ്ങുകയും പക്ഷികൾ നേരിടുന്ന അതിക്രമങ്ങളെയും അവയുടെ അതിജീവന ശ്രമങ്ങളെയും സംരക്ഷണ മാർഗങ്ങളെയും കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ ദേശാടനത്തിനിടയിൽ 2018ൽ അമൂർ പക്ഷികളിൽ 12 എണ്ണം വഴിതെറ്റി മലമ്പുഴയിൽ എത്തിയിരുന്നു. അതിനെ കുറിച്ചറിഞ്ഞ് ജന്തുശാസ്ത്ര ലോകത്തിന്റെ നിർദേശപ്രകാരം ഡോ. സുബൈർ അവിടെയും പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.