സൗദി 2021 വീണ്ടെടുപ്പിന്റെ വർഷം
text_fieldsജിദ്ദ: കോവിഡ് മഹാമാരി ലോകത്തെങ്ങും വ്യാപിച്ച് രണ്ടു വർഷം തികഞ്ഞിരിക്കുന്നു. കോവിഡിെൻറ മൂന്നാം തരംഗം വിവിധ രാജ്യങ്ങളിൽ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും അതിെൻറ ആഘാതത്തിൽനിന്ന് ലോകം മെല്ലെ മെല്ലെ അതിജീവിനത്തിലേക്ക് തിരിച്ചുവരികയാണ്. സൗദി അറേബ്യയുടെയും സ്ഥിതി മറിച്ചല്ല. കോവിഡിനെ കൃത്യമായ ആസൂത്രണങ്ങളോടെ പ്രതിരോധിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ സൗദി മുൻപന്തിയിൽ തന്നെയുണ്ട്.
രാജ്യത്ത് സമയാസമയങ്ങളിൽ നടപ്പാക്കിയ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. ആ നിലയ്ക്ക് രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഏറെ ആശ്വാസം നൽകിയ വർഷമാണ് കടന്നുപോയത്. ഏതാണ്ട് എല്ലാ നിയന്ത്രണങ്ങളിലും അയവ് വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അന്താരാഷ്ട്ര യാത്രാ നിരോധം നീക്കുകയും കര, കടൽ തുടങ്ങിയ രാജ്യാതിർത്തികൾ തുറക്കുകയും ചെയ്ത തീരുമാനം.
2020 മാർച്ച് 15 മുതലാണ് സൗദി എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽക്കാലികമായി നിർത്തിയത്. കോവിഡ് വാക്സിനേഷനും പ്രതിരോധ നടപടികളും ശക്തമാക്കിയതോടെ 2021 ഫെബ്രുവരി മൂന്ന് മുതൽ ഉപാധികളോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസിന് സൗദി അനുവാദം നൽകിയിരുന്നു. ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്ക് അപ്പോഴും വിലക്ക് തുടർന്നു. മേയ് 17ന് രാജ്യത്തിെൻറ മുഴുവൻ അതിർത്തികളും തുറന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിലക്ക് തുടർന്നു.
സൗദിയിൽ നിന്നും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നേരിട്ട് രാജ്യത്തേക്ക് വരാമെന്ന ഇളവ് ആശ്വാസമായി. ഡിസംബർ ഒന്ന് മുതൽ വിലക്കുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് എല്ലാവർക്കും നേരിട്ട് യാത്ര അനുവദിക്കുകയും ചെയ്തു. ഇന്ത്യ-സൗദി എയർ ബബ്ൾ കരാർ ജനുവരി ഒന്ന് മുതൽ നിലവിൽ വരുന്നതോടെ ഇന്ത്യൻ പ്രവാസികൾ സൗദിയിലെത്താൻ അനുഭവിച്ചിരുന്ന ദുരിതങ്ങൾക്കും അറുതി വരും. നിലവിൽ ഒമിക്രോൺ കണ്ടെത്തിയ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മാത്രമേ സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ നിയന്ത്രണം നിലനിൽക്കുന്നുള്ളൂ.
വാതിൽ തുറന്ന് തീർഥാടനം
മഹാമാരിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഉംറ തീർഥാടനം 2020 നവംബർ ഒന്നിന് ഭാഗികമായി പുനരാരംഭിച്ചിരുന്നുവെങ്കിലും വിദേശ തീർഥാടകർക്ക് നിയന്ത്രണങ്ങൾ തുടർന്നിരുന്നു. 2021 ആഗസ്റ്റ് 10 (മുഹർറം ഒന്ന്) മുതലാണ് വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ പൂർണാനുമതി നൽകിയത്. മക്ക മസ്ജിദുൽ ഹറാമിലും മദീന മസ്ജിദുന്നബവിയിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ് വരുത്തുകയും കൂടുതൽ സ്ഥലം പ്രാർഥനക്കായി തുറന്നുകൊടുക്കുകയും ചെയ്തു. ലോകത്താകെ കോവിഡ് മഹാമാരി വ്യാപിച്ചപ്പോഴും കർശനമായ മുൻകരുതൽ നടപടികൾ നടപ്പാക്കി രാജ്യത്ത് കുടുങ്ങിയ തീർഥാടകരെ സംരക്ഷിച്ചു നിർത്തുകയും അവർക്ക് എല്ലാവിധ ആശ്വാസങ്ങളും നൽകിയ സൗദിയുടെ മാനുഷിക നിലപാടുകൾ ആഗോള പ്രശംസ പിടിച്ചുപറ്റിയിരുന്നു.
വീണ്ടും വിദ്യാലയ മുറ്റങ്ങളിലേക്ക്
ഒന്നര വര്ഷത്തോളം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2021 ആഗസ്റ്റ് 29 മുതൽ കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിച്ചു തുടങ്ങി. പൊതുസ്ഥലങ്ങളില് മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിബന്ധനകളിൽ ഒക്ടോബർ 17 മുതൽ ഇളവ് നൽകി. എന്നാൽ, മൂന്നാം തരംഗം ഭയന്ന് ഈ ഇളവുകൾ പിൻവലിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് വിതരണം നടത്തിയ വാക്സിൻ ഡോസുകളുടെ എണ്ണം അഞ്ച് കോടി കവിഞ്ഞു.
20 ലക്ഷത്തോളം ബൂസ്റ്റർ ഡോസുകൾ വിതരണം പൂർത്തിയാക്കി. രാജ്യത്ത് നടപ്പാക്കിയ ആരോഗ്യ സുരക്ഷാ നടപടികൾ പരിഗണിച്ച് അറബ് ലോകത്ത് സൗദി അറേബ്യ രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 61ാം സ്ഥാനത്തുമുണ്ട്. ഫോർമുല വൺ കാറോട്ട മത്സരം, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര ഇവന്റുകൾക്കും പോയ വർഷം സൗദി വേദിയായി. ജൂലൈയിൽ അരങ്ങേറിയ 'നൂർ റിയാദ്' പ്രകാശ പ്രദർശനം, ലോകത്തിലെ അറിയപ്പെടുന്ന സംഗീത സമ്രാട്ടുകളെയും താരങ്ങളെയും അണിനിരത്തി റിയാദിൽ നടന്ന 'റിയാദ് സീസൺ' തുടങ്ങിയ പരിപാടികളിൽ സ്വദേശികളും വിദേശികളുമായ ലക്ഷങ്ങളാണ് സന്ദർശകരായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.