വനിതാ ഹാജിമാർക്ക് പ്രത്യേക പരിഗണന-കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജിൽ വനിതാ ഹാജിമാരുടെ പരിചരണത്തിനും ക്ഷേമത്തിനും ഏറ്റവും മുൻഗണന നൽകുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു.
മക്കയിലും മദീനയിലും അടുത്ത ഹജ്ജ് സീസണിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വനിത പ്രവാസികൾ കോൺസുലേറ്റുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യൻ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കോൺസൽ ജനറലുമായി ചർച്ചചെയ്യുന്നതിനിടെയാണ് കോൺസൽ ജനറൽ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ കോൺസുലേറ്റ് സേവനങ്ങൾ എല്ലാവർക്കും ലഭ്യമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഹുറൂബ് ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട 5000ത്തിലധികം ഇന്ത്യക്കാർക്ക് തിരികെ പോകാൻ സൗകര്യം ചെയ്തു. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഏകദേശം എട്ടു ലക്ഷം റിയാൽ ഇതിനകം ചെലവഴിച്ചു. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രവാസികൾ അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ച് ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കണം.
പ്രഫഷനൽ ബിരുദമുള്ള ധാരാളം സ്ത്രീകൾ ആശ്രിത വിസയിലുണ്ട്, അവർക്ക് ലഭ്യമായ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തണം. മക്ക ഹറമിലെ സ്ഥാപനങ്ങളുടെയോ ഉംറ, ഹജ്ജ് ഗ്രൂപ് കമ്പനികളുടെയോ പ്ലക്കാർഡുകളുപയോഗിച്ച് ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും, ഇത് മതാഫിലും ഹറമിലും നിരോധിക്കപ്പെട്ടിട്ടുള്ളതാണെന്നും അവിടങ്ങളിൽനിന്നു വീണുകിട്ടുന്ന യാതൊന്നും എടുക്കരുതെന്നും കോൺസൽ ജനറൽ ആവർത്തിച്ച് അഭ്യർഥിച്ചു.
അടുത്തിടെ പ്ലക്കാർഡ് പ്രദർശിപ്പിച്ചതിന് ഒരു മധ്യപ്രദേശ് ഉംറ തീർഥാടകനെ പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് കോൺസൽ ജനറൽ ഇക്കാര്യം സൂചിപ്പിച്ചത്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓഫിസിൽ നടന്ന യോഗത്തിൽ ഇന്ദോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിലെ അനുഭവങ്ങൾ കെ.ടി.എ. മുനീർ കോൺസൽ ജനറലുമായി പങ്കുവെച്ചു. പരിമിതികൾക്കിടയിലും ഇന്ത്യൻ സമൂഹത്തിന് കോൺസൽ ജനറൽ നൽകുന്ന സേവനങ്ങളെ മുനീർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.