ജിദ്ദയിൽ ട്രക്കുകൾക്ക് പോകാൻ പ്രത്യേക റോഡുകൾ
text_fieldsജിദ്ദ: തിരക്കേറിയ സമയങ്ങളിൽ ജിദ്ദയിൽ ട്രക്കുകൾക്ക് പോകാൻ പ്രത്യേക പാതകൾ പ്രഖ്യാപിച്ചു. ട്രക്കുകളുടെ പോക്കുവരവുകൾ എളുപ്പമാക്കാനും നഗരങ്ങൾ മുറിച്ചുകടന്ന് ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിലെത്താനും കാത്തിരിപ്പ് സമയം കുറക്കാനുമാണ് റോഡ് സുരക്ഷ ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി പ്രത്യേക പാതകൾ പ്രഖ്യാപിച്ചത്. പ്രധാന നഗരങ്ങളിലും മധ്യ നഗരങ്ങളിലും ട്രക്കുകളുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.
ജിദ്ദ നഗരത്തിലൂടെ കടന്നുപോകാൻ ട്രക്കുകൾക്ക് മൂന്നു പാതകൾ നിശ്ചയിച്ചതായി അതോറിറ്റി സൂചിപ്പിച്ചു. കിഴക്കുനിന്ന് തെക്കു ഭാഗത്തേക്കും തിരിച്ചും ജീസാൻ ഇൻറർനാഷനൽ റോഡിലൂടെ ഓടുന്ന ട്രക്കുകൾ, കിഴക്കുനിന്ന് റിയാദ് റോഡിലൂടെ വടക്ക് ഭാഗത്തേക്കും മദീന-റാബിഗ് റോഡിലൂടെ തിരിച്ചുമുള്ള ട്രക്കുകൾ, വടക്കുനിന്ന് മദീന-റാബിഗ് റോഡിലൂടെ തെക്ക് ഭാഗത്തേക്ക് വന്ന് ജീസാൻ ഇൻറർനാഷനൽ റോഡിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾ എന്നിവക്കാണ് മുഴുവൻ സമയവും ഗതാഗതം നടത്താൻ സൗകര്യപ്പെടുംവിധം പ്രത്യേക പാത നിശ്ചയിച്ചിരിക്കുന്നത്. ട്രക്കുകൾക്ക് പ്രത്യേക പാതകൾ നിശ്ചയിക്കുന്നതിലൂടെ ലോജിസ്റ്റിക് മേഖലയെ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പൊതുഗതാഗത അതോറിറ്റി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.