ജിദ്ദ-കോഴിക്കോട് സ്പൈസ്ജെറ്റ് വിമാന സർവിസുകൾ പ്രവാസികളെ വട്ടം കറക്കുന്നത് തുടരുന്നു
text_fieldsജിദ്ദ: ജിദ്ദക്കും കോഴിക്കോടിനുമിടയിൽ സർവിസ് നടത്തുന്ന സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാന സർവിസുകൾ പ്രവാസികൾക്ക് പ്രയാസമേറ്റുന്നതായി പരാതി. കൃത്യസമയം പാലിക്കാതിരിക്കൽ, സർവിസുകൾ റദ്ദാക്കൽ, കൃത്യമായ വിവരങ്ങൾ യാത്രക്കാരെ അറിയിക്കാതിരിക്കൽ തുടങ്ങിയവ ആവർത്തിക്കുന്നതായാണ് പരാതി.
വെള്ളിയാഴ്ച രാവിലെ 9.45ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് എസ്.ജി 36 വിമാനം വൈകിയതിനെ തുടർന്ന് ശേഷം ഉച്ചക്ക് 1.25ന് പുറപ്പെടും എന്നായിരുന്നു ആദ്യം യാത്രക്കാർക്ക് കിട്ടിയ വിവരം. അത് പിന്നീട് രാത്രി 10.30നായിരിക്കും എന്നറിയിച്ചതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ നിന്നും മടങ്ങിയിരുന്നു. ശേഷം വിമാനം ഉച്ചക്ക് 2.30ന് പുറപ്പെടും എന്നും ഉടനെ വിമാനത്താവളത്തിൽ എത്താനും അവശ്യപ്പെട്ട് യാത്രക്കാർക്ക് വീണ്ടും അറിയിപ്പ് കിട്ടിയതനുസരിച്ച് വിമാനത്താവളത്തിലെത്തിയപ്പോൾ വിമാനം ശനിയാഴ്ച ഉച്ചക്ക് 2.30നായിരിക്കും പുറപ്പെടുക എന്നാണ് അധികൃതർ അറിയിച്ചതെന്ന് ഈ വിമാനത്തിൽ കുടുംബസമേതം യാത്രചെയ്യേണ്ടിയിരുന്ന കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വർഷങ്ങൾക്കുശേഷം നാട്ടിലേക്ക് ഉറ്റവരെ കാണാൻ പോകുന്നവർ, പരീക്ഷ എഴുതാനായി പോകുന്ന വിദ്യാർഥികൾ, സന്ദർശക വിസയിലെത്തി വിസ കാലാവധിയുടെ അവസാന ദിവസങ്ങളിൽ തിരിച്ചുപോകുന്ന കൊച്ചുകുട്ടികളും വൃദ്ധരുമടക്കമുള്ള കുടുംബങ്ങൾ, അസുഖങ്ങൾക്ക് തുടർചികിത്സക്ക് പുറപ്പെടുന്നവർ, ഉറ്റവരുടെ മരണവിവരമറിഞ്ഞ് അവരുടെ മുഖം അവസാനമൊന്ന് കാണാനായി യാത്ര ചെയ്യുന്നവർ തുടങ്ങി നിരവധി പേരാണ് വിമാനക്കമ്പനിയുടെ നിരുത്തരവാദപരമായ പ്രവൃത്തികൾകൊണ്ട് കഷ്ടപ്പെടുന്നത്.
സന്ദർശക വിസയിലെത്തിയവർ പലരും തങ്ങളുടെ റൂമുകൾവരെ ഒഴിവാക്കിയാണ് യാത്ര പുറപ്പെടുന്നത്. ഒരാഴ്ചത്തെ ലീവിന് നാട്ടിൽ പോകുന്നവർക്കും വിമാനം വൈകുന്നതു കൊണ്ട് അവരുടെ അവധി ദിനങ്ങളാണ് നഷ്ടപ്പെടുന്നത്.
ടിക്കറ്റ് ഇഷ്യൂ ചെയ്താൽ പിന്നെ കാൻസൽ ചെയ്താലും കാശ് തിരിച്ചു കിട്ടില്ല എന്ന നിബന്ധന ഉള്ളത് കൊണ്ട് യാത്രക്കാർക്ക് ടിക്കറ്റ് കാൻസൽ ചെയ്തു മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യാനും സാധിക്കുന്നില്ല.അതിനിടക്ക് വെള്ളിയാഴ്ച പുലർച്ച ജിദ്ദയിൽനിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിൽ ഇറക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് നാല് പ്രാവശ്യം സമയം മാറ്റി വെള്ളിയാഴ്ച പുലർച്ച പുറപ്പെട്ടത്. കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ അറ്റകുറ്റപ്പണിയെത്തുടർന്ന് പകൽ വിമാനം ഇറക്കാൻ സാധിക്കാത്തതിനാലാണ് വിമാനം ഉച്ചക്ക് കൊച്ചിയിലിറക്കിയത്.
കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് ബസ് മാർഗം എത്തിക്കാമെന്ന വിമാനക്കമ്പനി അധികൃതരുടെ നിർദേശം അംഗീകരിക്കാതെ യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് വിമാനമാർഗം തന്നെ ഇവരെ കരിപ്പൂരിലെത്തിക്കാമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ ധാരണയുണ്ടാക്കുകയായിരുന്നു.
പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന സ്പൈസ്ജെറ്റ് വിമാനക്കമ്പനി, ഇത്തരം വിഷയത്തിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.