ദോഹ 'സൗദി ഹൗസിൽ' ഫുട്ബാൾ പ്രമുഖർക്ക് അത്താഴ വിരുന്നൊരുക്കി കായിക മന്ത്രി
text_fieldsറിയാദ്: ദോഹ കോർണിഷിലെ 'സൗദി ഹൗസി'ൽ ഫുട്ബാൾ രംഗത്തെ പ്രമുഖർക്ക് അത്താഴ വിരുന്നൊരുക്കി സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ. ഫിഫ ഉന്നതർക്കും അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ പ്രമുഖർക്കും ഖത്തർ ഉദ്യോഗസ്ഥർക്കുമാണ് മന്ത്രി വിരുന്നൊരുക്കിയത്.
വെള്ളിയാഴ്ച 'സൗദി ഹൗസ് സോണി'ലെത്തിയ അന്താരാഷ്ട്ര ഫുട്ബാൾ, സ്പോർട്സ് ഫെഡറേഷനുകളുടെ സാരഥികളെയും ഉദ്യോഗസ്ഥരേയും മന്ത്രി നേരിട്ട് സ്വീകരിച്ചു. ഖത്തറിൽ മുന്നേറുന്ന ഫിഫ ലോകകപ്പ് 2022നോടനുബന്ധിച്ച് ദോഹ കോർണിഷിൽ സൗദി ഫുട്ബാൾ ഫെഡറേഷനാണ് സൗദി ഹൗസ് സോൺ സ്ഥാപിച്ചത്. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്‍റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജുവാൻ ബിൻ ഹമദ് അൽഥാനി, ഖത്തർ യുവജന-കായിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ-അലി, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, യുവേഫ പ്രസിഡൻറ് അലക്‌സാണ്ടർ സെഫ്റിൻ എന്നിവരെ കൂടാതെ അന്താരാഷ്ട്ര കായിക രംഗത്തെ നിരവധി പ്രമുഖരും സൗദി ഹൗസിലെത്തി.
ലോക രാജ്യങ്ങളിൽനിന്നുള്ള കാൽപന്ത് ആരാധകരുടെ അനുഭവം സമ്പന്നമാക്കുന്നതിന് പ്രയത്നിച്ച ഖത്തർ കായിക മന്ത്രാലയത്തെയും ഉദ്യോഗസ്ഥരെയും അമീർ അബ്ദുൽ അസീസ് പ്രശംസിച്ചു. സൗദി ഹൗസ് സോണിൽ 10 പവലിയനുകളിലായി ഒരുക്കിയിട്ടുള്ള 21ലധികം പ്രവർത്തനങ്ങൾ അതിഥികൾ നോക്കിക്കണ്ടു. സൗദികളുടെ സംസ്‌കാരവും പൈതൃകവും ഫുട്ബാൾ അഭിനിവേശവും ഉയർത്തിക്കാട്ടുന്ന സാംസ്‌കാരിക, സാമൂഹിക, വിനോദസഞ്ചാര അറിവുകളും ആവിഷ്കാരങ്ങളുമാണ് സൗദി ഹൗസിൽ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.