സൗദിയിൽ തൊഴിൽ കരാറില്ലാതെ 60 ദിവസത്തിലധികം തങ്ങിയാൽ ‘ഹുറൂബ്’ ആവും
text_fieldsജുബൈൽ: തൊഴിൽ കരാറില്ലാതെ 60 ദിവസത്തിലധികം സൗദിയിൽ തങ്ങിയാൽ ‘ഹുറൂബ്’ ആയി പരിഗണിക്കുമെന്ന് ലേബർ ഓഫീസ്. ജുബൈൽ ബ്രാഞ്ച് ഇൻഫോർമേഷൻ ഡെസ്കിൽനിന്ന് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. തൊഴിലുടമയുടെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന് രേഖപ്പെടുത്തി കേസെടുക്കുന്ന നടപടിക്രമത്തെയാണ് ‘ഹുറൂബ്’ എന്ന് പറയുന്നത്.
തൊഴിൽ ദാതാവ് ജോലിയിൽനിന്നും ഒഴിവാക്കുകയോ മറ്റെന്തെങ്കിലും കാരണത്താൽ തൊഴിൽ നഷ്ടപ്പെടുകയോ ചെയ്ത ശേഷം ‘ഖിവ’ പോർട്ടലിൽ കരാർ റദ്ദു ചെയ്ത് മറ്റൊരു തൊഴിൽ കണ്ടെത്താനുള്ള പരമാവധി കാലാവധി 60 ദിവസമാണ്. ഈ 60 ദിവസത്തിനുള്ളിൽ തൊഴിലാളി മറ്റൊരു തൊഴിൽ ദാതാവിനെ കണ്ടെത്തുകയും ഖിവ പോർട്ടലിൽ പുതിയ തൊഴിൽ കരാർ രജിസ്റ്റർ ചെയ്തു സ്‌പോൺസർഷിപ് മാറുകയും ചെയ്യണം.
അല്ലാത്ത പക്ഷം നിലവിലെ സ്പോൺസറോ തൊഴിലാളിയോ അറിയാതെ സ്വയമേവ സിസ്റ്റത്തിൽ ‘ഹുറൂബി’ൽ ആകും. പിന്നീട് നാടുകടത്തൽ കേന്ദ്രം വഴി സൗദിയിൽനിന്നും നാട് കടത്തപ്പെടുകയും ചെയ്യും. നിലവിൽ നാല് കേസുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെല്ലാം രണ്ടു മാസമായി പുതിയ തൊഴിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ നിയമം നിലവിൽ വന്നതോടെ എല്ലാവരും വലിയ മാനസിക പ്രയാസത്തിൽ അകപ്പെട്ടിരിക്കുകയാണ്.
പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളൻറിയറുമായ സലിം ആലപ്പുഴ ജുബൈലിലെ ലേബർ ഓഫീസുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരത്തിെൻറ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ട്. ഖിവ പോർട്ടലിൽ സാധുവായ കരാറില്ലാതെ സൗദിയിൽ തങ്ങുന്നവർ മതിയായ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.