ചെങ്കടലിൽ ആദ്യത്തെ അതിവേഗ അന്തർവാഹിനി കേബിൾ സ്ഥാപിച്ച് എസ്.ടി.സി
text_fieldsജിദ്ദ: തങ്ങളുടെ ഉടമസ്ഥതയിൽ ചെങ്കടലിൽ ആദ്യത്തെ അതിവേഗ അന്തർവാഹിനി കേബിൾ സ്ഥാപിച്ചതായി സൗദി ടെലികോം കമ്പനി (എസ്.ടി.സി) ഗ്രൂപ്പ് പ്രഖ്യാപിച്ചു. 'ദി സൗദി വിഷൻ കേബിൾ' എന്ന പേരിൽ സ്ഥാപിച്ച കേബിളിന്റെ ആദ്യത്തെ ലാൻഡിംങ് സ്റ്റേഷൻ ജിദ്ദയിൽ നിശ്ചയിച്ചു. വിഷൻ 2030 എന്നതിൽ നിന്നാണ് കേബിളിന് പേര് സ്വീകരിച്ചത്. കേബിളിന് 11 ലക്ഷം മീറ്റർ നീളമുണ്ട്.
18 ടെറാബൈറ്റ് കപ്പാസിറ്റിയോടെ ചെങ്കടൽ മേഖലയിലെ ഒന്നിലധികം ആക്‌സസ് പോയിന്റുകളിലേക്ക് 16 ഒപ്റ്റിക്കൽ ഫൈബർ ജോഡി കേബിളുകളിലൂടെ തടസ്സമില്ലാത്ത കണക്ഷൻ നൽകാൻ പുതിയ പദ്ധതിയിലൂടെ കഴിയും. ജിദ്ദ, യാംബു, ദുബ, ഹഖ്ൽ എന്നിങ്ങനെ നാല് ലാൻഡിംങ് സ്റ്റേഷനുകളിലായി രാജ്യത്തിന്റെ അതിർത്തികളിലൂടെ അതിവേഗ ഡാറ്റാ കൈമാറ്റം നടക്കും.
ഒന്നിലധികം അന്താരാഷ്ട്ര വിവര കേന്ദ്രങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി കേബിൾ പ്രദാനം ചെയ്യുന്നതായി എസ്.ടി.സി ഗ്രൂപ്പ് സി.ഇ.ഒ എൻജിനീയർ ഒലയാൻ അൽവതീദ് പറഞ്ഞു. ചെലവ് കുറഞ്ഞതും വഴക്കമുള്ളതും എസ്.ടി.സി ലാൻഡിംങ് സ്റ്റേഷനുകളിലെയും ഇൻഫർമേഷൻ സെന്ററുകളിലെയും എല്ലാ അന്താരാഷ്ട്ര കേബിളുകളിലേക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ ആക്‌സസ് നൽകുന്നതുമായ ഒരു ഏകീകൃത ഒപ്റ്റിക്കൽ ഫൈബർ പ്ലാറ്റ്‌ഫോമിന്റെ നിലവാരം ഉയർത്തും.
അന്താരാഷ്ട്ര കമ്മ്യൂണിക്കേഷൻ സേവനങ്ങളിലും ഡാറ്റാ സെന്ററുകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം പ്രയോജനപ്പെടുത്തി മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന റീജിയനൽ ഡിജിറ്റൽ കേന്ദ്രമായ മിന ഹബ്ബിലേക്ക് പുതിയ കേബിൾ ബന്ധിപ്പിച്ചിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.