ഖസീമിൽ ശിലായുഗകാല ശേഷിപ്പുകൾ
text_fieldsജിതേഷ് പട്ടുവം
ബുറൈദ: ശിലായുഗ മനുഷ്യവാസത്തിെൻറ ശേഷിപ്പുകളിൽ സുപ്രധാന കണ്ടെത്തലുകളുമായി റിയാദ് പൈതൃക അതോറിറ്റിയിലെ ശാസ്ത്രസംഘം. ഖസീം പ്രവിശ്യയിൽനിന്നാണ് രണ്ടു ലക്ഷം വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ശിലായുഗ കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെത്തിയത്. പാലിയോലിത്തിക് കാലഘട്ടത്തിൽ ജീവിച്ച അസീരിയൻ നഗരവാസികൾ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ശിലായുധശേഖരമാണ് ഖസീമിലെ ശുഐബ് അൽഅദ്ഗം എന്ന പ്രദേശത്തുനിന്ന് പുരാവസ്തു ശാസ്ത്ര സംഘം കണ്ടെത്തിയത്. ബി.സി 8000ത്തിനു മുമ്പുള്ള പാലിയോലിത്തിക് കാലഘട്ടം എന്നറിയപ്പെടുന്ന യുഗത്തിൽ ജീവിച്ച ജനത, പ്രാകൃത ജീവിതം നയിച്ചവരാണെന്നാണ് പറയപ്പെടുന്നത്. കല്ലുകൾ മൂർച്ചകൂട്ടി ആയുധമാക്കി ഉപയോഗിച്ചിരുന്നവയാണ് കണ്ടെടുത്തത്. ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലാനും ശത്രുക്കളിൽനിന്നും രക്ഷനേടാനും അവർ ഇത്തരം ശിലായുധങ്ങൾ ഉപയോഗിച്ചുപോന്നിരുന്നു എന്നാണ് കണ്ടെത്തൽ. പ്രാകൃത കാലഘട്ടത്തിൽ ജീവിച്ച ഈ ജനതയെക്കുറിച്ച് അറിവ് ലഭിക്കുന്നതിനായി നിലവിൽ എഴുതപ്പെട്ട രേഖകൾ ഒന്നും ലഭ്യമല്ല.
എന്നാൽ, അസീരിയൻ ജനതയെക്കുറിച്ചുള്ള പുതിയ അറിവുകളിലേക്ക് വെളിച്ചംവീശാൻ സഹായിക്കുന്നതാണ് ഇൗ പരുക്കൻ ശിലായുധങ്ങളുടെ വീണ്ടെടുക്കൽ. രണ്ടു ലക്ഷം വർഷത്തെ പഴക്കമുണ്ടെന്നാണ് കാർബൺ ഡേറ്റിങ്ങിലൂടെ കണ്ടെത്താൻ കഴിഞ്ഞത്. ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ ശിലാ ഉപകരണങ്ങൾ വിദഗ്ധമായ കരവിരുതിൽ തീർത്തതാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. കണ്ടെത്തിയ ശിലാ ഉപകരണങ്ങളുടെ കണക്കനുസരിച്ച് ഈ മേഖല അസീരിയൻ ജനതയുടെ ഉയർന്ന ജനസാന്ദ്രതയെക്കുറിച്ചും അറിവുനൽകുന്നു.
അറേബ്യൻ ഉപദ്വീപിലെ മനുഷ്യവാസത്തിനുള്ള അനുകൂലമായ കാലാവസ്ഥയും പ്രകൃതിവിഭവങ്ങളുടെ ലഭ്യതയും ആയിരിക്കണം അവിടെ അസീരിയൻ വിഭാഗങ്ങൾക്ക് ആവാസയോഗ്യമായ സാഹചര്യം ഒരുക്കിയതെന്ന് പഠന സംഘം കരുതുന്നു. ശുഐബ് അൽ അദ്ഗമും ബന്ധപ്പെട്ട മറ്റു മേഖലയും നീരൊഴുക്കുകളുടെ വൃഷ്ടി പ്രദേശങ്ങളാണ്. പണ്ടുകാലത്ത് ഈ ജനത ജലഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നത്. അസീരിയൻ പ്രദേശങ്ങളിലെ ഈ അറിവ് ശേഖരണത്തിലൂടെ, ലോകമെമ്പാടുമുള്ള മനുഷ്യവാസത്തിെൻറ ഏറ്റവും വലിയ കേന്ദ്രമായിരുന്നു അവിടമെന്നും തെളിവുകൾ സൂചിപ്പിക്കുന്നു.
മനുഷ്യ നാഗരികതയുടെ ആദ്യകാലഘട്ടങ്ങളിൽ അറേബ്യൻ ഉപദ്വീപിലുടനീളം ധാരാളം നദികളും തടാകങ്ങളും ഉണ്ടായിരുന്നതായും ഈ നദികളും പ്രകൃതിവിഭവങ്ങളും അവിടെയുള്ള ജനവാസത്തിെൻറ വ്യാപനത്തിനും സ്ഥിരവാസത്തിനുമുള്ള കാരണമായതെന്നും പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു. ഈ പ്രദേശങ്ങളിൽ പിന്നീട് പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ വലിയ വ്യതിയാനങ്ങൾ സംഭവിച്ചതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചുവെന്നും അതോറിറ്റി അധികൃതർ വ്യക്തമാക്കി. അറേബ്യൻ ഉപഭൂഖണ്ഡം ഒരു ശാദ്വല പ്രദേശമായിരുന്നു എന്ന വാദഗതിയെ ശരിെവക്കുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന തെളിവുകളെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. അറേബ്യൻ ഉപദ്വീപിലുടനീളം ധാരാളം നദികളും തടാകങ്ങളും ഉണ്ടായിരുന്നു എന്നും ഇത് മനുഷ്യവർഗത്തിെൻറ വ്യാപനത്തിന് പ്രധാന കാരണമായിട്ടുണ്ടെന്നും പഠനങ്ങൾ വെളിവാക്കുന്നു.
ആഫ്രിക്കയും മറ്റ് ഏഷ്യൻ രാജ്യങ്ങളും തമ്മിൽ വിനിമയം നടത്താൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാന ഇടനാഴിയാണ് അറേബ്യൻ ഉപദ്വീപ് എന്നും ശിലായുഗ കാലഘട്ടത്തിലെ പ്രധാന വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു ഈ മേഖല എന്നും വ്യക്തമാകുന്നു. അസീരിയൻ നഗരവാസികളുടെ കുടിയേറ്റം നടന്നത് പ്രധാനമായും ബാബ് അൽമന്ദബ് കടലിടുക്ക്, സിനായി ഇടനാഴി എന്നീ ഭാഗങ്ങളിലൂടെയായിരുന്നുവെന്ന് ശാസ്ത്രലോകം കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.