ചരിത്ര കുതുകികളെ മാടിവിളിച്ച് ഉനൈസയിലെ ശിലാലിഖിതങ്ങൾ
text_fieldsയാംബു: സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ഉനൈസ മേഖലയിലുള്ള അൽ ഗദ പാർക്കിലെ 'റോക് ആർട്ട്' അറിയപ്പെടുന്ന പൗരാണിക ശിലാലിഖിതങ്ങൾ ചരിത്രതല്പരരെ ആകർഷിക്കുന്നു.
അൽ ഖസീമിലെ ഉനൈസ ഗവർണറേറ്റിന്റെ തെക്കുഭാഗത്ത് അറബ് ചരിത്രപ്രദേശമായി അറിയപ്പെടുന്ന നജ്ദ് പ്രദേശത്താണ് ചരിത്രത്തിന്റെ നാൾവഴികൾ അറിയാനുള്ള ഈ പുരാതന ശേഷിപ്പുകളുള്ളത്. ഉനൈസയിൽനിന്ന് ദല റോഡിലൂടെ 21 കിലോമീറ്റർ അകലെയുള്ള അൽ ഖദ പാർക്കിനുള്ളിലാണ് ഇത് സംരക്ഷിച്ചുവരുന്നത്. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നീണ്ടുകിടക്കുന്ന ഒരുകിലോമീറ്ററോളം നീളമുള്ള ചതുരാകൃതിയിലുള്ള കറുത്ത കുന്നിൻമുകളിൽ ഉല്ലേഖനം ചെയ്തിരിക്കുന്ന ശിലാകലകൾ പുരാതന കാലഘട്ടത്തിൽ നിന്നുള്ളതാണെന്ന് പുരാവസ്തു ഗവേഷണ പര്യവേക്ഷകർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള പാറകളിലുള്ള ഇവിടത്തെ ശിലാകലകളിൽ മനുഷ്യന്റെ ജീവിത രീതികളും പക്ഷിമൃഗങ്ങളുടെ ആവാസവ്യവസ്ഥകളും പുരാതന ലിപികളും ദൃശ്യമാണ്. കൊത്തുപണികളിലെ രീതികൾ ചരിത്രകാരന്മാർക്ക് ഇന്നും ഒരു ഗവേഷണവിഷയമാണ്.
പാറയിലെ രേഖാചിത്രങ്ങൾക്കായി പൂർവികർ കാഠിന്യമേറിയ വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി ഗവേഷകർ വിലയിരുത്തുന്നു. 42 സെന്റീമീറ്റർ വ്യാസവും ഒരു മീറ്റർ നീളവുമുള്ള ഒരു ശിലാരേഖയുടെ നിരയുടെ ഒരുഭാഗം പര്യവേക്ഷകർ കണ്ടെത്തിയിട്ടുണ്ട്.
കാലാവസ്ഥയെ അതിജയിച്ച് തന്മയത്വത്തോടെ പാറകളിൽ കാണുന്ന പൗരാണിക ശേഷിപ്പുകൾ വിസ്മയക്കാഴ്ചയാണ്. ടൂറിസം, ദേശീയ പൈതൃക വകുപ്പ് അധികൃതർ 'റോക് ആർട്ട്' ഉൾക്കൊള്ളുന്ന പ്രദേശം ഇപ്പോൾ വേലികെട്ടി സംരക്ഷിച്ചിരിക്കുകയാണ്.
പഴമയുടെ അപൂർവ ചരിത്രശേഷിപ്പുകളുടെ സ്മരണകളാണ് ഗദ പാർക്കിലെ സംരക്ഷണമേഖലയിൽ ഉള്ളതെന്നും പുരാതന നാഗരികതയുടെ ചരിത്രത്തിലേക്ക് ഈ ശിലാശേഷിപ്പുകൾ വെളിച്ചം വീശുന്നതായും ടൂറിസം, പൈതൃക അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.