വിചിത്രമായ ക്വാറന്‍റീൻ വ്യവസ്ഥകൾ; മാലദ്വീപിൽ നിരവധി ഗൾഫ് പ്രവാസികൾ കുടുങ്ങി കിടക്കുന്നു
text_fieldsറിയാദ്: സൗദിയിലേക്കടക്കം ഗൾഫ് നാടുകളിലേക്ക് മടങ്ങുന്നതിനായി മാലദ്വീപിൽ എത്തിയ നിരവധി പ്രവാസികൾ അവിടെയുള്ള വിചിത്രമായ ക്വാറന്‍റീൻ വ്യവസ്ഥ കാരണം കുടുങ്ങി കിടക്കുന്നു. ഇന്ത്യയിൽ നിന്ന് സൗദി, യു.എ.ഇ തുടങ്ങിയ ഗൾഫ് നാടുകളിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ പലരും മാലദ്വീപ് ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലൂടെ 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയാണ് മടങ്ങുന്നത്.
എന്നാൽ ഇത്തരത്തിൽ മാലദ്വീപിൽ എത്തിയ നിരവധി പ്രവാസികളാണ് ഇപ്പോൾ അവിടെ കുടുങ്ങി കിടക്കുന്നത്. 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയായിട്ടും പലർക്കും തങ്ങളുടെ ഗൾഫിലെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ അധികൃതർ അനുമതി നൽകാത്തതാണ് ഇവരുടെ യാത്ര മുടങ്ങി ദ്വീപിൽ കുടുങ്ങാൻ കാരണം. 14 ദിവസത്തെ ക്വാറന്റീന് ശേഷമുള്ള പി.സി.ആർ പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും ഇവർക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
ഇങ്ങിനെ നെഗറ്റീവ് ആയ ആളുകളോടൊപ്പം അതെ ഹോട്ടലിൽ കഴിയുന്ന മറ്റുള്ള മുഴുവനാളുകൾക്കും പരിശോധന നെഗറ്റീവ് ആയാൽ മാത്രമേ എല്ലാവർക്കും ഒന്നിച്ച് യാത്രക്കായി ഹോട്ടൽ അധികൃതർ അനുമതി നൽകുന്നുള്ളൂ. ഇവരിൽ ഒരാൾക്ക് പരിശോധന ഫലം പോസിറ്റീവ് ആയാൽ അദ്ദേഹത്തിന് ഫലം നെഗറ്റീവ് ആവുന്നതുവരെ മറ്റുള്ളവരും കാത്തിരിക്കണമെന്ന വിചിത്ര വ്യവസ്ഥയാണ് അവിടെ നടപ്പാക്കുന്നത്. ഈ അസാധാരണവും യുക്തിരഹിതവുമായ നടപടി പലരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഹോട്ടലിലെ അധിക വാസത്തിന് വീണ്ടും കാശ് കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇവർ. ഈ വ്യവസ്ഥ മാലദ്വീപ് ഭരണകൂടത്തിന്റേതാണോ, അതല്ല ഹോട്ടലുകാരുടെ തട്ടിപ്പാണോ എന്നുപോലും അറിയാൻ കഴിയാതെ പ്രയാസപ്പെടുകയാണ് മലയാളികളായ പ്രവാസി യാത്രക്കാർ.
ഹോട്ടലുകാരുടെ ഈ കടുംപിടിത്തം കാരണം ഗൾഫിലെ തങ്ങളുടെ ജോലിയിൽ സമയത്തിന് പ്രവേശിക്കാൻ സാധിക്കാത്തതു കാരണം ജോലി നഷ്ടപ്പെട്ടവരും കൂട്ടത്തിലുണ്ട്. താൻ താമസിക്കുന്ന ഹോട്ടലിലെ രണ്ടു പേർക്ക് കോവിഡ് പോസിറ്റിവ് ആണെന്നും അതിനാൽ 14 ദിവസം കൂടി ഹോട്ടലിൽ ക്വാറന്റീനിൽ കഴിയണമെന്നും എന്നാൽ മാത്രമേ യാത്രക്കുള്ള അനുമതി നൽകുകയുള്ളുവെന്നും അധികൃതർ പറഞ്ഞതായി റിയാദിലേക്കുള്ള യാത്രക്കായി ദ്വീപിലെത്തിയ മലപ്പുറം സ്വദേശി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ദ്വീപിലെ പല ഹോട്ടലുകളിലും ഇത്തരത്തിൽ നിരവധി മലയാളികൾ കുടുങ്ങി കിടക്കുന്നതായും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ ഹോട്ടലുകാരുടെ ഈ കടുംപിടുത്തതിനെതിരെ ശബ്ദിച്ചവരെ യാത്രക്ക് അനുവദിച്ചിരുന്നതായും ചിലർ പറയുന്നു.
ടൂറിസം പ്രധാന വരുമാനമാർഗ്ഗമായ മാലദ്വീപിൽ ചെലവുകളും താങ്ങാവുന്നതിലും അധികമാണ്. പലരും 14 ദിവസത്തെ ക്വാറന്റീനും ഭക്ഷണവും താമസവും പി.സി.ആർ പരിശോധനയും ഉൾപ്പെടെ 1,50,000 മുതൽ രണ്ടു ലക്ഷം രൂപ വരെ പാക്കേജ് ഇനത്തിൽ നൽകിയവരാണ്. ഇപ്പോൾ മാലദ്വീപിൽ തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചൂഷണത്തിനെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളും വിദേശകാര്യ മന്ത്രാലയവും മാലദ്വീപിലെ ഇന്ത്യൻ എംബസിയും ഉടൻ ഇടപെടണമെന്നാണ് കുടുങ്ങിക്കിടക്കുന്ന പ്രവാസികളായ മലയാളികളുടെ അഭ്യർത്ഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.