സഞ്ചാരികളുടെ മനം കവർന്ന് അൽ അഹ്സയിലെ സ്ട്രോബെറി തോട്ടം
text_fieldsഅൽ അഹ്സ: വിശാലമായ ഈന്തപ്പനത്തോട്ടങ്ങൾക്കും ചരിത്രപരമായ പ്രാധാന്യത്തിനും പേരുകേട്ട സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയുടെ ഹരിത ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സ്ട്രോബെറി തോട്ടം സഞ്ചാരികളെയും കൃഷി കുതുകികളെയും ഒരുപോലെ ആകർഷിക്കുന്നു. ഹുഫൂഫ് നഗരത്തിൽനിന്ന് 20 കി.മീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ശീതീകരിച്ച വിശാലമായ ടെന്റിനുള്ളിൽ ആധുനിക രീതിയിലാണ് സ്ട്രോബെറി നട്ടുപിടിപ്പിച്ചിരിക്കുന്നത്. കാഴ്ചയിലും രുചിയിലും ഇവ വേറിട്ടുനിൽക്കുന്ന ഒരു അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്നു. സ്ട്രോബെറി തോട്ടം അൽ അഹ്സയുടെ ഫലഭൂയിഷ്ഠമായ ഭൂമിയുടെയും നൂതന ജലസേചന സാങ്കേതിക വിദ്യകളുടെയും തെളിവാണ്.
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയായ അൽ അഹ്സ ഇപ്പോൾ സ്ട്രോബെറി ഉൾപ്പെടുന്ന ഒരു കാർഷിക സങ്കേതത്തെ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. പച്ചപ്പുനിറഞ്ഞ ഇലച്ചെടികൾക്കിടയിൽ ചുവന്ന കായകളാൽ നിറഞ്ഞ കൃഷിത്തോട്ടത്തിലെ മനോഹരമായ കാഴ്ച വരണ്ട ചുറ്റുപാടിൽനിന്ന് അതിശയകരമായ വ്യത്യാസം സന്ദർശകരിൽ ഉളവാക്കുന്നു. ഓരോ കോണിലും അനുഭവപ്പെടുന്ന പ്രകൃതിയുടെ നിറങ്ങൾക്ക് തോട്ടത്തിന്റെ ഒരു വശത്ത് നട്ടുപിടിപ്പിച്ചിട്ടുള്ള പപ്പായ മരങ്ങൾ കൂടുതൽ ചാരുത നൽകുന്നു.
സ്ട്രോബെറി ഫാം സ്വാദിഷ്ടമായ പഴങ്ങൾ വളർത്താനുള്ള ഒരിടം എന്നതിലുപരി അത് ആഴത്തിലുള്ളതും വിദ്യാഭ്യാസപരവുമായ അനുഭവം പ്രദാനം ചെയ്യുന്ന ഒരു ലക്ഷ്യസ്ഥാനം കൂടിയാണ്. അവിടെയെത്തുമ്പോൾ സന്ദർശകരെ ഫാമിലെ ജീവനക്കാർ ഹൃദ്യമായി സ്വാഗതം ചെയ്യും.
10 റിയാലാണ് പ്രവേശന ഫീസ്. ജീവനക്കാരോട് ചോദിച്ചാൽ മരുഭൂമിയിലെ അന്തരീക്ഷത്തിൽ സ്ട്രോബെറി കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന നൂതന രീതികളെക്കുറിച്ചു വിവരിച്ചു തരും. ഹൈഡ്രോപോണിക് സംവിധാനങ്ങൾ മുതൽ സൂക്ഷ്മപരിചരണ രീതികൾ വരെ കാർഷിക ചാതുര്യത്തിന്റെ മികച്ച ഉദാഹരണമാണ് ഈ തോട്ടം.
സന്ദർശകർക്ക് സ്ട്രോബെറി ചെടികൾക്കിടയിലൂടെ നടക്കാം. പണം നൽകിയാൽ വീട്ടിലേക്ക് വിളഞ്ഞ പഴങ്ങൾ നമുക്ക് തന്നെ പറിച്ചെടുക്കാം. അതിനുള്ള പാത്രവും പഴങ്ങൾ മുറിച്ചെടുക്കാനുള്ള കത്രികയും ജീവനക്കാർ കൈമാറും.
ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനന്ദം നൽകുന്നതാണ്. ഒരു വിനോദസഞ്ചാര ആകർഷണം എന്നതിലുപരി സ്ട്രോബെറി ഫാം സുസ്ഥിരതയുടെ ഒരു മാതൃകയാണ്. ആധുനിക ജലസേചനത്തിന്റെയും പരിസ്ഥിതി സൗഹൃദ കൃഷിരീതികളുടെയും ഉപയോഗം തോട്ടത്തിൽ വെള്ളത്തിന്റെ ഉപഭോഗം കുറക്കുകയും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
കൃഷിയെക്കുറിച്ചും സുസ്ഥിര പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുന്നതിനും വിദ്യാഭ്യാസ പരിപാടികൾ നൽകുന്നതിനും പ്രാദേശിക സ്കൂളുകളുമായും സംഘടനകളുമായും ഈ ഫാം സഹകരിച്ച് ചില പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സ്ട്രോബെറി സാധാരണയായി വസന്തകാലവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ ഫാമിന്റെ നൂതന സാങ്കേതികവിദ്യകൾ വിളവെടുപ്പ് കാലയളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
സന്ദർശകർക്ക് വർഷം മുഴുവനും ഒരേ അനുഭവം ആസ്വദിക്കാനാകും. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന കിഴക്കൻ പ്രവിശ്യക്കാർക്ക് എപ്പോഴും എത്തിപ്പെടാൻ പറ്റുന്ന കേന്ദ്രമായി സ്ട്രോബെറി തോട്ടം മാറിയിട്ടുണ്ട്. അൽ അഹ്സയിൽ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്.
അതിനൊപ്പമുള്ള ഒരു ആകർഷണകേന്ദ്രമായി ഈ ഫാമും മാറുന്നുണ്ട്. ജബൽ അൽ ഗാര ഗുഹകളാണ് പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രം. സമീപ ഗ്രാമങ്ങളിൽ പരമ്പരാഗത അറേബ്യൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരവും ഇവിടെയുണ്ട്. ഈ പ്രദേശം സാംസ്കാരികവും പ്രകൃതിദത്തവുമായ അത്ഭുതങ്ങളുടെ സമ്പന്നത പ്രദാനം ചെയ്യുന്നതാണ്. അൽ അഹ്സയുടെ ടൂറിസത്തിന്റെ അവിഭാജ്യ ഘടകമായി ഈ സ്ട്രോബെറി തോട്ടവും മാറിക്കഴിഞ്ഞു.
ഇത് ഒരു തോട്ടം മാത്രമല്ല, നവീകരണത്തിന്റെയും പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സഹവർത്തിത്വത്തിന്റെയും പ്രതീകം കൂടിയാണ്. പ്രകൃതി സ്നേഹിക്കും ഭക്ഷണ പ്രേമിക്കും സഞ്ചാരികൾക്കും ഫാം അവിസ്മരണീയമായ അനുഭവമാണ് പകർന്നു നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.