തെരുവ് നായ്ശല്യം, പരാതിപ്പെട്ട് പ്രദേശവാസികൾ
text_fieldsദമ്മാം: തെരുവ് നായ്ശല്യം അസഹ്യമായതോടെ പരാതിയുമായി പ്രദേശവാസികൾ. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ബയ്ദ ഗവർണറേറ്റ് പരിധിയിലാണ് റോഡുകളിലും മൈതാനങ്ങളിലും കൃഷിയിടങ്ങളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം അലഞ്ഞുതിരിയുന്ന നായ്ക്കൾ നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നത്. രാത്രിയും പകലുമെന്നില്ലാതെ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം പെരുകിയതോടെ ഭയന്നുകഴിയുകയാണ് ഈ പ്രദേശത്തെ ജനങ്ങൾ.
തങ്ങളുടെയും കുട്ടികളുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പ്രദേശവാസികൾ ഒന്നടങ്കം പറയുന്നു. തെരുവുകളിലും മൈതാനങ്ങളിലും കളിക്കാൻ പോകുന്ന കുട്ടികളെ ഓർത്താണ് തന്റെ ഭയമെന്ന് തദ്ദേശവാസിയായ ബസ്സാം റമദാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെ തെരുവ് നായ്ക്കൾ പെരുകുന്നതിൽ വീടിന് പുറത്തും ഒഴിഞ്ഞ സ്ഥലങ്ങളിലും ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നവരാണ് ഉത്തരവാദികളെന്നും നിർലോഭം ഇങ്ങനെ ഭക്ഷണാവശിഷ്ടങ്ങൾ കിട്ടുന്നത് കൊണ്ടാണ് നായ്ക്കൾ കൂടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളെയും മുതിർന്നവരെയും നായ്ക്കൾ ആക്രമിക്കുന്ന ഭയാനക സാഹചര്യം നിലനിൽക്കുകയാണെന്നും ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നതെന്നും പള്ളിയിൽ പോകാൻ പോലും പുറത്തിറങ്ങാൻ പേടിക്കുകയാണെന്നും മാഹിദ് അൽ യാമി എന്ന മറ്റൊരു പ്രദേശവാസിയും അഭിപ്രായപ്പെട്ടു. അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും നായ്ക്കൾ പെരുകാൻ ഇടയാക്കും വിധം ഭക്ഷണാവശിഷ്ടങ്ങൾ വെളിമ്പ്രദേശങ്ങളിലേക്ക് വലിച്ചെറിയുന്നതിനെതിരെയും മാലിന്യപ്പെട്ടികളിൽ തന്നെ നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനും നടപടിയുണ്ടാകണമെന്നും അബ്ദുല്ല അൽ ഷെഹ്രി എന്ന മറ്റൊരു നാട്ടുകാരനും പറഞ്ഞു. നായ്ശല്യം ഇല്ലാതാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.