സ്ട്രെച്ചർ വിമാനയാത്ര വിഫലമായി; അബ്ദുറഹ്മാൻ യാത്രയായി
text_fieldsജിദ്ദ: അർബുദ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോവാൻ തബൂക്കിൽ നിന്ന് ജിദ്ദയിലെത്തിച്ച തൃശൂർ ജില്ലയിലെ വെട്ടിക്കാട്ടിരി സ്വദേശി അബ്ദുറഹ്മാൻ മുളക്കൽ മുഹമ്മദ് (63) മരിച്ചു. ആഗസ്റ്റ് 14 മുതൽ തബൂക്കിലെ കിങ് ഖാലിദ് ആശുപത്രിയിൽ മസ്തിഷ്ക അർബുദ രോഗവുമായി ചികിത്സയിലായിരുന്ന അബ്ദുറഹ്മാനെ തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി തബൂക്കിലെ സാമൂഹിക പ്രവർത്തകരായ കെ.പി. മുഹമ്മദ്, മാത്യു, ലാലു ശൂരനാട്, സിറാജ് കൊച്ചി എന്നിവരുടെ സഹായത്താൽ ജിദ്ദയിലെത്തിച്ചതായിരുന്നു.
രണ്ടു വർഷത്തിലധികമായി താമസരേഖ പുതുക്കാനാവാതെ വലിയ പ്രയാസത്തിലായിരുന്ന ഇദ്ദേഹത്തിന് ഫൈനൽ എക്സിറ്റ് വിസ ലഭ്യമാക്കുന്നതിന് ഏറെ പ്രയാസപ്പെടേണ്ടിവന്നു. പുറമെ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിന് തബൂക്കിൽ നിന്നും ജിദ്ദയിൽ എത്തിക്കുന്നതിനും ഏറെ കടമ്പകൾ കടക്കേണ്ടിവന്നു. 1000 കിലോമീറ്റർ ആംബുലൻസിൽ കൊണ്ടുവന്ന് രണ്ടു ദിവസം ജിദ്ദ നാഷനൽ ആശുപത്രിയിൽ വിശ്രമം നൽകി യാത്രയയക്കാനുള്ള ഒരുക്കത്തിനിടെയാണ് ജിദ്ദയിൽ വെച്ച് മരണം സംഭവിച്ചത്. യാത്രയിൽ ഇദ്ദേഹത്തെ അനുഗമിക്കുന്നതിനും ശ്രുശ്രൂഷിക്കുന്നതിനും പറളി സ്വദേശി ദിലീപും സന്നദ്ധനായിരുന്നു. ഇദ്ദേഹത്തിനുള്ള ഭക്ഷണവും മറ്റു പരിചരണവും നൽകുന്നതിന് നിരവധി ദിവസങ്ങൾ തബൂക്കിലെ കിങ് ഖാലിദ് ആശുപത്രിയിൽ നിന്ന് പരിശീലനം നേടിയാണ് ദിലീപ് യാത്രയിൽ അനുഗമിച്ചിരുന്നത്.
രണ്ടു പതിറ്റാണ്ടിലേറെ കാലം തബൂക്കിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിനും നാട്ടിലെത്തിച്ച് തുടർചികിത്സ നൽകുന്നതിനും തബൂക്കിലെ എല്ലാ സാമൂഹിക സാംസ്കാരിക സംഘടനകളും വലിയ സഹായമാണ് നൽകിയത്. ഇന്ത്യൻ കോൺസുലേറ്റിെൻറ സഹകരണവും ഉണ്ടായിരുന്നു. ജിദ്ദയിൽ സഹായവുമായി കെ.ടി.എ. മുനീർ, സമീർ നദ്വി, അബ്ദുൽ ഖാദർ തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു. കോഴിക്കോട്ട് എത്തിയാൽ അവിടെ നിന്ന് തുടർചികിത്സക്കുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഭാര്യ: ഫാത്വിമ. മക്കൾ: ഹംസ, റംസിന, അസീസ്, റസീന, ഉമർ. മൃതദേഹം ജിദ്ദയിൽ ഖബറടക്കം നടത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.