പുതിയ നിയമം: ഭിക്ഷാടനം ഇല്ലാതാക്കാൻ കർശന നടപടി
text_fieldsയാംബു: സൗദിയിൽ ഭിക്ഷാടനം പൂർണമായും ഇല്ലാതാക്കാൻ കർശന നടപടി. യാചന നടത്തിയ 500ലധികം പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ പിടികൂടിയത്. ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. ഭിക്ഷാടനം നേരത്തേ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ ഭിക്ഷാടന നിരോധന നിയമമനുസരിച്ച് ഒരു വർഷം തടവും ലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ ആണ് പരമാവധി ശിക്ഷ.
സംഘടിത സ്വഭാവത്തിൽ ഭിക്ഷാടനം നടത്തുന്നവർക്കും യാചകരെ ഏതെങ്കിലും രീതിയിൽ പ്രോത്സാഹിപ്പിക്കുന്നവർക്കും സഹായം ചെയ്യുന്നവർക്കുമാണ് ഇത്.
ഒറ്റക്ക് ഭിക്ഷ യാചിക്കുകയോ ഭിക്ഷാടനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ അരലക്ഷം റിയാലിൽ കൂടാത്ത പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കും.
വിദേശികളാണെങ്കിൽ ശിക്ഷക്കുശേഷം നാടുകടത്തും. സൗദിയിലേക്ക് പുനഃപ്രവേശന വിലക്കും നേരിടും. പൊതുസ്ഥലങ്ങൾ, പള്ളികൾ, സ്ഥാപനങ്ങൾ, കടകൾ, പൊതുഗതാഗത സൗകര്യങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി പണം ആവശ്യപ്പെടുന്നതെല്ലാം ഭിക്ഷാടനമായി കണക്കാക്കുമെന്നും സ്വദേശികളിൽ ചിലരെ യാചനയിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും അവരുടെ പരാധീനതകൾ കേൾക്കാനും സ്വകാര്യ ചാരിറ്റബിൾ ഏജൻസികളുടെ സഹകരണത്തോടെ ശാശ്വതപരിഹാരം കാണാനും ആഭ്യന്തര മന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും യാചന ഉൾപ്പെടെ ഏതു രീതിയിലും ചൂഷണം ചെയ്യുന്നതും മനുഷ്യക്കടത്ത് കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.
ഭിക്ഷാടനത്തിലൂടെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ചൂഷണം ചെയ്യുന്നത് മനുഷ്യക്കടത്ത് കുറ്റകൃത്യമായി കണക്കാക്കി നിയമ നടപടിയെടുക്കുമെന്ന് സൗദി അഭിഭാഷകൻ ഖാലിദ് അൽ മിഹ്മാദി പറഞ്ഞു.
വിശുദ്ധ മാസവും വിശ്വാസികളുടെ നിർബന്ധമായ ദാനധർമങ്ങളും മുതലെടുത്ത് രാജ്യത്ത് യാചകരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്താണ് കൂടുതൽ ശക്തമായ നടപടികളുമായി അധികൃതർ രംഗത്ത് വന്നത്. യാചന നടത്തുന്നവരും അനധികൃത കുടിയേറ്റക്കാരും രാജ്യത്തിന് സുരക്ഷ വെല്ലുവിളി ഉയർത്തുന്നുവെന്നാണ് വിലയിരുത്തുന്നത്. ചില അനധികൃത കുടിയേറ്റക്കാർ ആയുധങ്ങൾ, മയക്കുമരുന്ന് കടത്ത്, മോഷണം തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇത്തരക്കാർ ഏർപ്പെട്ടിട്ടുള്ളതായും കണ്ടെത്തിയിരുന്നു.
പല രാജ്യങ്ങളും നേരിടുന്ന ഒരു ആഗോള പ്രശ്നമാണിത്. 'നിയമ ലംഘകരില്ലാത്ത രാജ്യം' എന്ന സൗദിയുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗം കൂടിയാണ് നിയമം കർശനമാക്കുന്നതിലൂടെ അധികൃതർ ചെയ്യുന്നത്.
സൗദി ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.