വേനൽച്ചൂടിൽ മൃഗങ്ങളെ വിട്ട് കഷ്ടപ്പെടുത്തിയാൽ കർശന നടപടി
text_fieldsജിദ്ദ: വേനൽച്ചൂട് കനത്ത സാഹചര്യത്തിൽ മൃഗങ്ങളെ പൊള്ളുന്ന വെയിലത്ത് വിട്ട് ഉപദ്രവിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്താൽ കർശന നിയമനടപടിയെന്ന് പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും പരിപാലകർക്കുമാണ് കത്തുന്ന സൂര്യന് താഴെ വിട്ട് മൃഗങ്ങളെ ഉപദ്രവിക്കുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേനൽക്കാലത്ത് മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാനപ്പെട്ട ആരോഗ്യ മാർഗനിർദേശങ്ങൾ മന്ത്രാലയം ട്വീറ്റ് ചെയ്തു.
മൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് മൃഗഉടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിലിന്റെ മൃഗക്ഷേമ നിയമം അനുസരിച്ച് മൃഗങ്ങളെ പരിപാലിക്കണം. വേനൽക്കാലത്ത് ഉയർന്ന താപനിലയുള്ളതിനാൽ മൃഗങ്ങളെ കഠിനമായ ചൂടിൽനിന്ന് സംരക്ഷിക്കാൻ പ്രത്യേക നടപടികൾ കൈക്കൊള്ളണം. സ്ഥിരമായി ഭക്ഷണവും വെള്ളവും നൽകണം. അവയെ ചൂടിൽനിന്ന് സംരക്ഷിക്കാൻ കളപ്പുരകളും പാർപ്പിടങ്ങളും ഒരുക്കണം.
മൃഗക്ഷേമത്തിനായുള്ള മുഴുവൻ മാനദണ്ഡങ്ങളും പാലിക്കണം. പ്രതിരോധ കുത്തിവെപ്പുകളും നടത്തണം. സൂര്യപ്രകാശത്തിൽനിന്ന് അവരെ പരമാവധി സംരക്ഷിക്കണം. ദിവസത്തിൽ ഒരിക്കലെങ്കിലും മൃഗങ്ങളുടെ സ്ഥിതി പരിശോധിക്കണം. മനുഷ്യനെ ആശ്രയിച്ചുകഴിയുന്ന മൃഗങ്ങളെ ഉപേക്ഷിച്ചുകളയാൻ പാടില്ല. അങ്ങനെ ചെയ്യേണ്ടതുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളെ ബന്ധപ്പെട്ട് അനുമതി വാങ്ങണം.
മൃഗസംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നതായി തെളിഞ്ഞാൽ ശിക്ഷാനടപടികളുണ്ടാകും. ഈ രംഗത്തെ ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ അതിന്റെ ശാഖകളും ഓഫിസുകളും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.