മസ്തിഷ്കാഘാതം; തമിഴ്നാട് സ്വദേശിയെ നാട്ടിലെത്തിച്ചു
text_fieldsറിയാദ്: മസ്തിഷ്കാഘാതം സംഭവിച്ച് ആറു മാസം റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശിയെ നാട്ടിലെത്തിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നുള്ള മസ്തിഷ്കാഘാതമേറ്റ് റിയാദ് അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന തമിഴ്നാട് സ്വദേശി ഭരതനെയാണ് കെ.എം.സി.സി പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചത്. റിയാദ്-ഹൈദരാബാദ് വിമാനത്തിൽ സ്ട്രച്ചറിൽ നാട്ടിലേക്കു കൊണ്ടുപോയി. ദമ്മാമിലെ ട്രാൻസ്പോർട്ടേഷൻ കമ്പനിയിലെ ജോലിക്കാരനായിരുന്ന ഭരതന്, ജോലിയുടെ ഭാഗമായി റിയാദിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് കുറെ നാൾ കമ്പനി അധികൃതർക്കോ കുടുംബത്തിനോ ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. അൽ ഈമാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പിനെ ഈ വിവരം അറിയിച്ചതോടെയാണ് പുറംലോകം അറിയുന്നത്. തുടർന്ന് ഭരതനെ നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ആരംഭിക്കുകയായിരുന്നു.
ഇഖാമ (റെസിഡന്റ് പെർമിറ്റ്) കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീലിൽ)നിന്ന് ഫൈനൽ എക്സിറ്റ് അടിച്ചുവാങ്ങുകയായിരുന്നു. വൻതുകയുടെ ആശുപത്രി ബില്ലാണ് അടുത്ത തടസ്സമായി നിന്നത്. കെ.എം.സി.സി പ്രവർത്തകർ ആശുപത്രി അധികൃതരോട് സംസാരിച്ച് പൂർണമായും ഒഴിവാക്കുകയായിരുന്നു. ഭീമമായ സംഖ്യ ഒഴിവാക്കിത്തരാൻ ആശുപത്രി അധികൃതർ സമ്മതിച്ചതുകൊണ്ടാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. എയർ ഇന്ത്യ ഓഫിസർമാരുടെ പിന്തുണകൊണ്ടാണ് റിയാദ്-ഹൈദരാബാദ് വിമാനത്തിൽ ഓക്സിജൻ സംവിധാനത്തോടുകൂടിയുള്ള സ്ട്രെച്ചർ സൗകര്യം ലഭിച്ചത്. റിയാദ് യമാമ ആശുപത്രിയിലെ തമിഴ്നാട് സ്വദേശിയായ നഴ്സ് സുമതി ഭരതന്റെ കൂടെ യാത്രചെയ്യാൻ സന്നദ്ധമായതും യാത്ര എളുപ്പമാക്കി. ഭരതന്റെ യാത്രാനടപടികൾ പൂർത്തിയാക്കാൻ മഹബൂബിനെ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഷഫീഖ് കൂടാളി, നഴ്സുമാരായ ജൂലി, ബിജി മഹേഷ്, ഷൈനി എന്നിവർ സഹായിച്ചു. ഇന്ത്യൻ എംബസി ഓഫിസർ ആഷിഖിന്റെ പിന്തുണയാണ് ഫൈനൽ എക്സിറ്റ് നടപടി എളുപ്പമാക്കിയത്. തമിഴ്നാട്ടിലേക്ക് ഭരതനെ എത്തിക്കാനുള്ള ആംബുലൻസ് സൗകര്യങ്ങൾക്കും തുടർചികിത്സക്കുള്ള കാര്യങ്ങൾക്കും തമിഴ് സംഘടന ഭാരവാഹികളായ സന്തോഷ്, സയ്യിദ്, ആംബുലൻസ് ഡ്രൈവർ ഷാഹുൽ എന്നിവർ സഹായം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.