ദുർഗാദാസിനെതിരെ ശക്തമായ നടപടിയെടുക്കണം -ഐ.എം.സി.സി
text_fieldsജിദ്ദ: കേരള സർക്കാറിന്റെ കീഴിലുള്ള മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഓഡിനേറ്ററും ഐ.സി.ബി.എഫ് അംഗവുമായ ദുർഗാദാസ് ശിശുപാലൻ കഴിഞ്ഞ ദിവസം ഹിന്ദു മഹാസഭാ സമ്മേളനത്തിൽ നടത്തിയ വർഗീയ പരാമർശം അത്യന്തം അപകടകരവും ഫാഷിസ്റ്റ് നിലപാടുകളുടെ പ്രഖ്യാപനവുമാണ്.
അതിനാൽ ദുർഗാദാസിനെതിരെ ശക്തമായ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത കാണിക്കണമെന്നും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകണമെന്നും ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയര്മാന് എ.എം. അബ്ദുല്ലക്കുട്ടി, ജനറൽ കൺവീനർ പി.പി സുബൈർ ട്രഷറർ മൊയ്തീൻ കുട്ടി പുളിക്കൽ എന്നിവര്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സമുദായങ്ങൾക്കിടയിൽ മതസ്പർധ പരത്തി ഗൾഫ് രാജ്യങ്ങളെ സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്തലാണ് സംഘ്പരിവാർ വ്യക്തികളുടെ പ്രസ്താവനകളുടെ ലക്ഷ്യം.
ഗൾഫ് രാജ്യങ്ങളിൽ ആളുകളെ നിർബന്ധപൂർവം മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കുന്നെന്നും തീവ്രവാദികളുടെ ലൈംഗിക ആവശ്യങ്ങൾക്കുവേണ്ടി ഗൾഫ് നാടുകൾ കേന്ദ്രീകരിച്ചുകൊണ്ട് മുസ്ലിം സംഘടനകൾ നഴ്സിങ് മേഖലയിലേക്ക് റിക്രൂട്ട്മെന്റ് നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നുമുള്ള അപകടകരമായ പ്രസ്താവന സർക്കാർ ഗൗരവത്തിൽ കാണണം. ഇത്തരം വർഗീയത പ്രചരിപ്പിക്കുന്ന വ്യക്തികൾ സർക്കാറിന് കീഴിലുള്ള സാംസ്കാരിക വകുപ്പിൽ കയറിക്കൂടുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. സർക്കാർ സമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ പശ്ചാത്തലം കൃത്യമായി പഠിച്ച ശേഷം മാത്രം നിയമനം നടത്തുന്ന രീതി അവലംബിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനോട് രേഖാമൂലം ആവശ്യപ്പെട്ടതായും ഐ.എം.സി.സി. ജി.സി.സി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.