വീണ്ടും ക്ലാസ് മുറി പരീക്ഷക്കൊരുങ്ങി വിദ്യാർഥികൾ
text_fieldsയാംബു: കോവിഡ് കാല പ്രതിസന്ധിയിൽ രണ്ടു വർഷക്കാലം പഠനവും പരീക്ഷയുമെല്ലാം ഓൺലൈൻ സംവിധാനമുപയോഗിച്ച് നടന്നശേഷം സൗദിയിലെ വിദ്യാർഥികൾ ബുധനാഴ്ച ക്ലാസ് മുറിയിൽ ആദ്യപരീക്ഷക്ക് തുടക്കംകുറിക്കും. പുതിയ അധ്യയനവർഷത്തെ ഒന്നാം സെമസ്റ്ററിലെ പരീക്ഷകളുടെ പൂർത്തീകരണത്തിന് വിദ്യാഭ്യാസ മാന്ത്രലയം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. പൊതുവിദ്യാഭ്യാസ മേഖലയിലെ ഇൻറർമീഡിയറ്റ്, സെക്കൻഡറി തലങ്ങളിലെ ആൺകുട്ടികളും പെൺകുട്ടികളും രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് സ്കൂളുകളിൽ നേരിെട്ടത്തി പരീക്ഷ എഴുതുന്നത്. 12 വയസ്സിന് മുകളിലുള്ള, കോവിഡ് വാക്സിനേഷൻ രണ്ടു ഡോസും പൂർത്തീകരിച്ച ഇൻറർമീഡിയറ്റ്, സെക്കൻഡറിതലത്തിലുള്ള മുഴുവൻ വിദ്യാർഥികൾക്കുമാണ് നേരിട്ട് സ്കൂളിൽ എത്തി ഓഫ്ലൈനായി പരീക്ഷയെഴുതാൻ അനുവാദമുള്ളത്. കോവിഡ് പ്രോട്ടോകോൾ ചട്ടങ്ങളും ആരോഗ്യ സുരക്ഷാമുന്നൊരുക്കങ്ങളും പൂർണമായും പാലിച്ചായിരിക്കും പരീക്ഷാനടപടികൾ പൂർത്തിയാക്കേണ്ടത്.
പ്രാഥമികതലത്തിലെ വിദ്യാർഥികൾക്ക് നേരത്തേ ഓൺലൈൻ പ്ലാറ്റ്ഫോം വഴി നടത്തിയ പരീക്ഷാസംവിധാനം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇവർക്ക് ഓൺലൈൻ പരീക്ഷ വൈകീട്ട് നാലിനായിരിക്കും. ആരോഗ്യപ്രശ്നത്താലോ കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കാൻ കഴിയാത്തതിനാലോ നേരിട്ടെത്താൻ കഴിയാത്ത ഇൻറർമീഡിയറ്റ്, സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻവഴി പരീക്ഷ പൂർത്തിയാക്കാനാണ് മന്ത്രാലയ നിർദേശം. ഈ മാസം 25 ആകുമ്പോഴേക്കും പരീക്ഷാനടപടികൾ പൂർത്തിയാക്കി ഫലവും ഗ്രേഡ് ഷീറ്റുകളും പൂർത്തിയാക്കാനും വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് മന്ത്രാലയം നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.