സ്റ്റഡി ഇൻ സൗദി അറേബ്യ; സിജി ജിദ്ദ കരിയർ സെമിനാർ
text_fieldsജിദ്ദ: മാറിയ സാഹചര്യത്തിൽ സൗദി യൂനിവേഴ്സിറ്റികളിലെ പ്രവേശന നടപടികൾ ലളിതമായിട്ടുണ്ടെന്നും അതിന്റെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ തയാറാവണമെന്നും സിജി ജിദ്ദ ചാപ്റ്റർ കരിയർ വിങ് സംഘടിപ്പിച്ച ‘സ്റ്റഡി ഇൻ സൗദി അറേബ്യ, അഡ്മിഷൻ ടു കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി’ എന്ന വിഷയത്തിൽ നടന്ന ഓൺലൈൻ സെമിനാർ അഭിപ്രായപ്പെട്ടു. സൗദിയിൽ താമസരേഖയുള്ളവർക്ക് നേരിട്ട് കോഴ്സുകൾക്ക് ചേരാനാവും. നാട്ടിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ നൽകി മുഴുവൻ സ്കോളർഷിപ്പോടെ എൻജിനീയറിങ്, മാനേജ്മെന്റ് തുടങ്ങിയ നിരവധി കോഴ്സുകൾക്ക് ചേരാൻ സാധിക്കും. അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡികൾക്ക് പുറമെ പി.എച്ച്.ഡിക്ക് വരെ അവസരങ്ങൾ തുറന്നിട്ടുണ്ട്. എന്നാൽ ഉന്നത മെഡിക്കൽ കോഴ്സുകൾക്ക് നിലവിൽ വിദേശികൾക്ക് അപേക്ഷിക്കാനവസരമില്ല. സൗദിയിൽ വിവിധ യൂനിവേഴ്സിറ്റികളിൽ എൻജിനീയറിങ്, പി.എച്ച്.ഡി കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ പരിപാടിയിൽ അനുഭവങ്ങൾ പങ്കുവെച്ചു.
കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി വിദ്യാർഥികളായ അബ്ദുറഹ്മാൻ ഫൈസൽ, സഹല എന്നിവർ വിഷയമവതരിപ്പിച്ചു. സിജി കരിയർ വിങ് ലീഡ്സും കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി അധ്യാപകരുമായ ഡോ. അബ്ദുല്ല അബ്ദുൽസലാം, ഡോ. മുഹമ്മദ് ഫൈസൽ, ഡോ. സബ്ന കോട്ട എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. അഡ്മിഷൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് സിജി കരിയർ വിങ് പാനലും മറുപടി നൽകി. ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ആശംസ നേർന്നു.
സിജി വിമൻസ് കരിയർ കോഓഡിനേറ്റർ ഇർഫാന സജീർ പരിപാടികൾ നിയന്ത്രിച്ചു. ഡോ. അബ്ദുല്ല സ്വാഗതവും കരിയർ കോഓഡിനേറ്റർ അബ്ദുൽ ഹഖീം മുസ്ലിയാരകത്ത് നന്ദിയും പറഞ്ഞു. രക്ഷിതാക്കളും വിദ്യാർഥികളുമടക്കം മുന്നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.