ഹജ്ജിന്റെ വിജയം; സൗദി ഭരണനേതൃത്വത്തിന് ലോക അറബ്, മുസ്ലിം നേതാക്കളുടെ അഭിനന്ദനം
text_fieldsറിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് കർമങ്ങൾ ശുഭകരമായി പര്യവസാനിക്കുമ്പോൾ വിശ്വ മഹാസംഗമത്തിന് നേതൃത്വം നൽകിയ സൗദി ഭരണകൂടത്തിന് അഭിനന്ദന പ്രവാഹം. സാങ്കേതികവിദ്യ മുതൽ നിർമിതബുദ്ധി വരെയുള്ള നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മികച്ച ആസൂത്രണത്തോടെയും വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപനത്തോടെയും ഹജ്ജ് കർമങ്ങൾ വിജയത്തിലെത്തിച്ച ഭരണകൂട നായകൻ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും മേൽ പ്രശംസ ചൊരിയുകയാണ് ഇസ്ലാമിക സംഘടനകളും മുസ്ലിം രാഷ്ട്രനേതാക്കളും.
സുരക്ഷിതവും ആശ്വാസപ്രദവുമായ ഹജ്ജിന് നേതൃത്വം നൽകിയ സൗദി ഭരണകൂടത്തെ അറബ് പാർലമെന്റ് അഭിനന്ദിച്ചു. തീർഥാടകർക്ക് അവരുടെ കർമങ്ങൾ സുഗമമായി നിർവഹിക്കുന്നതിന് രാഷ്ട്രത്തിന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയതായി അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അബ്ദുറഹ്മാൻ അൽ അസൗമി വിലയിരുത്തി. വരും വർഷങ്ങളിലെ ഹജ്ജ് ചടങ്ങുകളെ സംബന്ധിച്ച് ആത്മവിശ്വാസം പകരുന്നതാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആതിഥ്യത്തിന്റെയും സേവനത്തിന്റെയും മികച്ച മാതൃകയാണ് സൗദി തീർത്തതെന്ന് അഭിപ്രായപ്പെട്ട ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ, സേവനങ്ങളുടെ നിലവാരത്തെ പ്രശംസിക്കുകയും ചെയ്തു.
തീർഥാടകർക്ക് നൽകിവരുന്ന സൗകര്യങ്ങളിലും സേവനങ്ങളിലും സംതൃപ്തി രേഖപ്പെടുത്തിയ ഗൾഫ് കോഓപറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, ഇക്കാര്യത്തിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും മഹത്തായതും അഭിനന്ദനാർഹവുമായ ശ്രമങ്ങളെ പ്രശംസിച്ചു. സൗദി സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ കാലഘട്ടം മുതൽ തുടരുന്ന സേവനം അദ്ദേഹത്തിന്റെ മക്കളിലൂടെ അഭംഗുരം തുടരുന്നത് മഹത്തരവും സന്തോഷകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജ്ജ് വിജയം രാജ്യത്തിന്റെ മറ്റൊരു അഭിമാന നേട്ടമാണെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്ലിം സ്കോളേഴ്സ് ചെയർമാനുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ പുറത്തിറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇക്കൊല്ലത്തെ ഹജ്ജ് വിജയത്തിന് പിന്നിലെ ശ്രമങ്ങൾക്കും ആസൂത്രണ മികവിനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദും സൽമാൻ രാജാവിന് അഭിനന്ദന സന്ദേശം അയച്ചു.
തീർഥാടകർക്ക് സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കിയതിന് സൗദി ഭരണകൂടത്തിന് അദ്ദേഹം നന്ദി പറഞ്ഞതായി യു.എ.ഇ ഔദ്യോഗിക വാർത്ത ഏജൻസിയായ ‘വാം’ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദും സൽമാൻ രാജാവിന് അഭിനന്ദന സന്ദേശങ്ങൾ അയച്ചു.
ഈ വർഷത്തെ ഹജ്ജ് സീസൺ വിജയകരമായി സംഘടിപ്പിച്ചതിന് സൽമാൻ രാജാവിനെ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഭരണസംവിധാനത്തിന്റെ ഊർജവും കഴിവും ഹജ്ജ് വിജയത്തിനായി സമർപ്പിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു. ഹജ്ജ് വിജയത്തിൽ മക്ക ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ ഖാലിദ് ബിൻ ഫൈസലിന്റെയും ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്റെയും പങ്ക് അദ്ദേഹം അനുസ്മരിച്ചു.
കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ, പ്രധാനമന്ത്രി ശൈഖ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും സൽമാൻ രാജാവിന് അഭിനന്ദന സന്ദേശം അയച്ചു. ഹജ്ജ് സീസണിന്റെ വിജയത്തിൽ സൗദി നേതൃത്വത്തിന് നന്ദി പറഞ്ഞ കൈറോയിലെ അൽ അസ്ഹർ ഗ്രാൻഡ് മസ്ജിദ് ഇമാം ശൈഖ് അഹ്മദ് അൽ ത്വയ്യിബ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾക്ക് പ്രതിഫലം നൽകാൻ പ്രാർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.