Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുഡാൻ സംഘർഷം: സായുധ...

സുഡാൻ സംഘർഷം: സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും പ്രാഥമിക കരാറിൽ ഒപ്പുവെച്ചു

text_fields
bookmark_border
സുഡാൻ സംഘർഷം: സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും പ്രാഥമിക കരാറിൽ ഒപ്പുവെച്ചു
cancel
camera_alt

സുഡാൻ സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും ജിദ്ദയിൽ പ്രാഥമിക കരാറിൽ ഒപ്പുവെച്ചപ്പോൾ

ജിദ്ദ: സുഡാനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാ പ്രഖ്യാപനത്തിൽ സുഡാൻ സൈന്യത്തിന്റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിെൻറയും പ്രതിനിധികൾ ഒപ്പുവെച്ചു. സൗദി അറേബ്യയുടെയും അമേരിക്കയുടെയും സഹകരണത്തോടെ മെയ് 11 വ്യാഴാഴ്ച ജിദ്ദയിൽ വെച്ചാണ് ഇരുവിഭാഗവും കരാർ ഒപ്പുവെച്ചത്. ഒരാഴ്ച മുമ്പാണ് സുഡാനിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് സൗദിയുടെയും അമേരിക്കയുടെയും മേൽനോട്ടത്തിൽ ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സുഡാൻ സൈന്യത്തിെൻറയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിെൻറയും പ്രതിനിധികൾ ജിദ്ദയിലെത്തിയിരുന്നു. സൗദിയുടെയും അമേരിക്കയുടെയും മേൽനോട്ടത്തിൽ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ ഇരുവിഭാഗം നടത്തുകയും പ്രാഥമിക ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് വ്യാഴാഴ്ച സുഡാൻ സൈന്യത്തിെൻറയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിെൻറ പ്രതിനിധികൾ പ്രതിജ്ഞാകരാറിൽ ഒപ്പുവെച്ചത്.

സിവിലിയന്മാർക്ക് ദ്രോഹമുണ്ടാക്കുന്ന ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇരുവിഭാഗവും ധാരണയിലെത്തി. സുഡാനീസ് ജനതയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുക. സാധാരണക്കാർക്ക് എന്തെങ്കിലും ദോഷം വരുത്താതിരിക്കാൻ സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും എല്ലാ മുൻകരുതലുകളും സ്വീകരിക്കും. ഉപരോധിച്ചതും ശത്രുത നിലനിൽക്കുന്നതുമായ പ്രദേശങ്ങളിൽ നിന്ന് സിവിലിയന്മാരെ വിട്ടുപോകാൻ അനുവദിക്കും. പൊതു, സ്വകാര്യ സ്ഥാപനങ്ങളിലുള്ളവരെ മാന്യമായ രീതിയിൽ ഒഴിപ്പിക്കാനനുവദിക്കും. മെഡിക്കൽ ഉദ്യോഗസ്ഥരുടെയും പൊതു സ്ഥാപനങ്ങളിലെ ആളുകൾക്ക് സംരക്ഷണം നൽകും. മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലളിതവും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങൾ സ്വീകരിക്കും എന്നീ കാര്യങ്ങളിൽ ഇരുവിഭാഗവും ധാരണയിലെത്തിയതിലുൾപ്പെടും. വെടിനിർത്തലിനും മാനുഷിക സഹായം എത്തിക്കുന്നതിന് സുരക്ഷിതമായ വഴികൾ തുറക്കുന്നതിനും ഉൗന്നൽ നൽകികൊണ്ടാണ് സൗദിയുടെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ പ്രാർഥമിക ചർച്ചകൾ നടന്നത്. സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും മുന്നോട്ട് വെച്ച മറ്റ് ആവശ്യങ്ങളും വ്യവസ്ഥകളും മധ്യസ്ഥർമാർ അടുത്തഘട്ടത്തിലേക്ക് നീട്ടിവെച്ചതായാണ് വിവരം.

സുഡാൻ സൈന്യത്തിെൻറയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിെൻറയും പ്രതിനിധികൾ സുഡാനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സിവിലിയന്മാരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മാനുഷിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഇരുപക്ഷവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും പാലിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. മാനുഷിക സഹായം സുരക്ഷിതമായി എത്തിക്കാനും അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കാനും ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നും സൈന്യത്തെ പിൻവലിക്കാനും മരിച്ചവരെ ആദരപൂർവം സംസ്‌കരിക്കാനും അനുവദിക്കുക എന്നിവക്ക് ഇരുസേനകൾ നിർദേശം നൽകുമെന്നത് പ്രതിജ്ഞകരാറിലുണ്ടെന്ന് കരാർ സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഏകദേശം പത്ത് ദിവസത്തെ വെടിനിർത്തൽ കരാറിലെത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കും. സുരക്ഷാ നടപടികളിൽ അമേരിക്ക, സൗദി അറേബ്യ, അന്താരാഷ്ട്ര സമൂഹം എന്നിവയുടെ പിന്തുണയുള്ള വെടിനിർത്തൽ നിരീക്ഷണ സംവിധാനമുണ്ടാകും. ഇരു കക്ഷികളും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്ത കരാറിന് അനുസൃതമായി, സംഘർഷത്തിന് പുർണവിരാമം ഉണ്ടാകുന്നതിന് സുഡാനീസ് സിവിലിയന്മാരുമായും പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായും തുടർന്നുള്ള ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ ജിദ്ദ ചർച്ചകളുടെ തുടർച്ചയേന്നോണം ഉണ്ടാകുമെന്നും പ്രസ്താവനയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudansudan conflict
News Summary - Sudan conflict
Next Story