സുഡാൻ പ്രതിസന്ധി; ജൂൺ 19ന് സൗദി മുൻകൈയിൽ രാജ്യാന്തര സമ്മേളനം
text_fieldsജിദ്ദ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ സൗദി വീണ്ടും സജീവമായി രംഗത്ത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആഗോള സമ്മേളനം വിളിച്ചുചേർക്കാനാണ് സൗദി ഒരുങ്ങുന്നത്. ജൂൺ 19ന് ഖത്തർ, ഈജിപ്ത്, ജർമനി, യു.എൻ ഏജൻസികൾ, യൂറോപ്യൻ യൂനിയൻ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ‘സുഡാൻ സമാധാന സമ്മേളനം’ വിളിച്ചുചേർക്കുന്നത്. സൗദിയായിരിക്കും സമ്മേളനത്തിലെ സഹ അധ്യക്ഷ സ്ഥാനം വഹിക്കുകയെന്നും സുഡാൻ ജനതയോടുള്ള മാനുഷിക പിന്തുണയുടെ ഭാഗമായി അവരോടുള്ള ഐക്യദാർഢ്യപ്രതിജ്ഞ പ്രഖ്യാപിക്കാൻകൂടിയാണ് സമ്മേളനം ലക്ഷ്യംവെക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനിന്റെയും നിർദേശത്തെ തുടർന്ന് 100 മില്യൺ ഡോളറിന്റെ മാനുഷിക സഹായം സുഡാൻ ജനതക്ക് നൽകാൻ ഇതിനകം സൗദി നടപടിയെടുത്തിരുന്നു. സുഡാൻ ജനതക്കൊപ്പം നിൽക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം മന്ത്രാലയം ആവർത്തിച്ച് പ്രഖ്യാപിച്ചു.
ജിദ്ദയിൽ സുഡാൻ പ്രശ്നവുമായി ബന്ധപ്പെട്ട് നേരത്തേ നടന്ന സമാധാന യോഗത്തിൽ പ്രത്യേക സമിതിതന്നെ സൗദി മുൻകൈയെടുത്ത് രൂപവത്കരിച്ചിരുന്നു. സുഡാനിലെ സൈന്യം, അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സ്, സൗദി അറേബ്യ, അമേരിക്ക എന്നിവയുടെ പ്രതിനിധികൾ ഇതിൽ അംഗങ്ങളാണ്. സുഡാനിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ ജനകീയ പ്രചാരണം സംഘടിപ്പിക്കാനും സൗദി മുന്നിട്ടിറങ്ങിയിരുന്നു. സൗദി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരെയും സുഡാനിൽനിന്ന് ഒഴിപ്പിക്കാനും സൗദി പ്രത്യേക പദ്ധതികൾതന്നെ വിജയപ്രദമായി നടപ്പാക്കുകയുണ്ടായി.
സുഡാനി ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും രാഷ്ട്രീയ സംഭാഷണത്തിലൂടെ പ്രതിസന്ധി അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ലക്ഷ്യമിട്ട് വിവിധ രീതിയിലുള്ള ശ്രമങ്ങളാണ് സൗദി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ആഗോള തലത്തിൽതന്നെ സൗദിയെ അഭിനന്ദിക്കാനും വഴിവെച്ചു.
ഏപ്രിൽ 15ന് സുഡാനിൽ ആരംഭിച്ച സംഘർഷത്തിൽ ഇതിനകം നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഭക്ഷണത്തിനും ആവശ്യവസ്തുക്കൾക്കും ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ വിവിധ രാജ്യങ്ങളുടെ എംബസികളും ആരാധനാലയങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. സൗദിയുടെ പുതിയ നീക്കം സുഡാനിലെ പോരാട്ടം ഇല്ലായ്മ ചെയ്യാനും മാനുഷിക പ്രതിസന്ധികൾക്ക് ഏറെ ആശ്വാസം നൽകാനും ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. സുഡാനിൽ യുദ്ധംചെയ്യുന്ന കക്ഷികൾക്കിടയിൽ ചർച്ചകൾ സുഗമമാക്കാനും പ്രശ്നം പരിഹരിക്കാനുമുള്ള പുതിയ കാഴ്ചപ്പാടുകളും നിർദേശങ്ങളും സമർപ്പിക്കാനും അമേരിക്കയുമായി ചേർന്ന് സൗദി നടത്തുന്ന പുതിയ കാൽവെപ്പ് ഏറെ ഫലംചെയ്യുമെന്ന പ്രത്യാശ വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.