സുഡാൻ പ്രതിസന്ധി: സൗദിയുടെ ഇടപെടൽ നിസ്തുലം -അമേരിക്കൻ അംബാസഡർ
text_fieldsറിയാദ്: സുഡാനിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സൗദി നടത്തിയ ഇടപെടലുകൾ നിസ്തുലമാണെന്ന് സൗദിയിലെ യു.എസ് അംബാസഡർ മൈക്കേൽ റാറ്റ്നി. സുഡാനിലുണ്ടായിരുന്ന അമേരിക്കൻ പൗരന്മാർ സുരക്ഷിതരായിരിക്കാൻ കാരണം സൗദി അറേബ്യയുടെ രക്ഷാദൗത്യവും സമാധാന ചർച്ചകൾക്കായി കൈക്കൊണ്ട നടപടികളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് പ്രകടിപ്പിച്ച നന്ദി താനും അറിയിക്കുന്നതായി സൗദിയിലെ മാധ്യമ പ്രതിനിധികളോട് അദ്ദേഹം പറഞ്ഞു. റിയാദിലെ യു.എസ് എംബസിയുടെ ട്വിറ്റർ അക്കൗണ്ടിൽ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത വിഡിയോയിൽ സുഡാനിലെ സമീപകാല മാനുഷിക ഇടപെടലുകൾക്ക് യു.എസ് അംബാസഡർ അഭിനന്ദനവും നന്ദിയും അറിയിക്കുന്നതായി പറഞ്ഞു.
ആഭ്യന്തര സംഘർഷത്തിൽ ജനജീവിതം തകർന്ന സുഡാനിൽനിന്ന് ഒഴിപ്പിച്ച അമേരിക്കൻ പൗരന്മാരുടെ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ജിദ്ദ സന്ദർശിച്ചു. വ്യോമ, നാവിക മാർഗങ്ങളിലൂടെ ഒഴിപ്പിക്കപ്പെട്ടവരുടെ സ്വീകരണ കേന്ദ്രമായിരുന്നു വ്യാഴാഴ്ച വരെ ജിദ്ദ. സുഡാനിൽ ഏറ്റുമുട്ടുന്ന കക്ഷികൾ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്ന വിഷയത്തിൽ ധാരണയിലെത്തിയതിനാലാണ് സൗദി അറേബ്യ രക്ഷാദൗത്യം അവസാനിപ്പിച്ചത്. സൗദി ഇക്കാര്യത്തിൽ നിർവഹിച്ച മാനുഷിക ദൗത്യം അഭിനന്ദനീയമാണ്. അതിന് നന്ദി രേഖപ്പെടുത്തുന്നു -റാറ്റ്നി വ്യക്തമാക്കി.
സുഡാനിലെ സംഘർഷവും അവിടത്തെ ജനങ്ങളുടെ ദുരിതവും അവസാനിപ്പിക്കുന്നതിൽ അമേരിക്കക്കും സൗദിക്കും സമാന താൽപര്യമുണ്ട്. അതിന് വേണ്ടി ഇരുരാജ്യങ്ങളും കൈകോർക്കുകയും അതിന്റെ ആദ്യ ഫലം ഉണ്ടാവുകയും ചെയ്തു -അംബാസഡർ വ്യക്തമാക്കി. സുഡാനിൽ പരസ്പരം പൊരുതുന്ന ആംഡ് ഫോഴ്സിന്റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെയും പ്രതിനിധികളെ ജിദ്ദയിൽ ഒരുമിച്ചിരുത്താനും സിവിലിയന്മാരെ സംരക്ഷിക്കുന്ന വിധം പ്രാഥമിക കരാർ രൂപപ്പെടുത്താനും സാധിച്ചത് നേട്ടമാണ്. ഈ ചരിത്ര നിമിഷങ്ങളിൽ സൗദി അറേബ്യയിൽ ഉണ്ടായിരിക്കാൻ സാധിച്ചതിൽ താൻ സന്തുഷ്ടനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയുമായുള്ള യു.എസിന്റെ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.