സുഡാൻ സമാധാന പാതയിൽ; ഇരുഗ്രൂപ് പ്രതിനിധികളും ജിദ്ദയിൽ ചർച്ച ആരംഭിച്ചു
text_fieldsറിയാദ്: സുഡാനിൽ ആഭ്യന്തര സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സുഡാൻ സൈനിക പ്രതിനിധികളും റാപിഡ് സപ്പോർട്ട് ഫോഴ്സസ് പ്രതിനിധികളും ജിദ്ദയിൽ ഒന്നാംഘട്ട ചർച്ച നടത്തി.
സൗദി, അമേരിക്ക സംയുക്ത ശ്രമത്തിന്റെ ഭാഗമായാണ് സംഘർഷമേഖലയിലെ സൈനിക വിഭാഗങ്ങളുടെ പ്രതിനിധികൾ പ്രാരംഭ ചർച്ചക്കായി എത്തിയത്. സുഡാൻ സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ നേതൃത്വത്തിലെ സംഘത്തിൽ മറ്റു മുതിർന്ന രണ്ട് ഉദ്യോഗസ്ഥരും ഒരു അംബാസഡറും റാപിഡ് സപ്പോർട്ട് ഫോഴ്സ് കമാൻഡർ ജനറൽ മുഹമ്മദ് ഹംദാന്റെ നേതൃത്വത്തിൽ മറ്റു രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.
സുഡാൻ ജനതയുടെ താൽപര്യം കണക്കിലെടുക്കാനും സംഘർഷം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി വെടിനിർത്തലിന് തയാറാകാനും ചർച്ചകളിൽ സജീവമായി ഏർപ്പെടാനും സൗദിയും അമേരിക്കയും സംയുക്ത പ്രസ്താവനയിൽ ഇരു സൈനിക വിഭാഗങ്ങളോടും ആവശ്യപ്പെട്ടു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വെള്ളിയാഴ്ച ഫോണിൽ ചർച്ച നടത്തിയിരുന്നു. തങ്ങളുടെ ശ്രമം സുഡാൻ സംഘർഷത്തിൽ അയവ് വരുത്തുമെന്ന പ്രതീക്ഷ ഇരുവരും പ്രകടിപ്പിച്ചു. വെടിനിർത്തൽ നടപ്പാക്കുന്നത് സുഡാൻ ജനതയുടെ കഷ്ടപ്പാട് കുറക്കുകയും ദുരിതബാധിത പ്രദേശങ്ങളിൽ മാനുഷിക സഹായത്തിന്റെ ലഭ്യത ഉറപ്പാക്കുമെന്നും പ്രസ്താവനയിൽ ഓർമിപ്പിച്ചു. വെടിനിർത്തലിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകളിൽ സജീവമായി ഏർപ്പെടാൻ ഇരു കക്ഷികളോടും സൗദി, അമേരിക്ക സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു. ഇരുകൂട്ടരും തുടങ്ങിവെച്ച സംഭാഷണം സംഘർഷത്തിന്റെ അവസാനത്തിലേക്കും സുഡാനിലേക്കുള്ള സുരക്ഷയുടെയും സ്ഥിരതയുടെയും തിരിച്ചുവരവിലേക്കും നയിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ചർച്ചക്ക് ആതിഥേയത്വം വഹിച്ച സൗദി അറേബ്യക്ക് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നന്ദി പറഞ്ഞു. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പാതയെന്ന നിലയിൽ ഈ ചർച്ചയിൽ ഗൗരവമായി ഇടപെടണമെന്ന് അദ്ദേഹം ഇരു പാർട്ടികളോടും അഭ്യർഥിച്ചു.
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം താഹ സുഡാൻ വിഭാഗങ്ങൾ തമ്മിലുള്ള ചർച്ചയെ സ്വാഗതം ചെയ്തു. സൗദി അറേബ്യ, യു.എ.ഇ, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട ‘ക്വാഡ്’സഖ്യവും ചർച്ചകൾക്ക് സന്നദ്ധമായ സുഡാനീസ് കക്ഷികളുടെ നിലപാടിനെ സ്വാഗതം ചെയ്തു. പ്രശ്നപരിഹാരത്തിന് മുന്നോടിയായി നടക്കുന്ന വിപുലമായ ചർച്ചക്ക് ക്വാഡ് രാജ്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അഭ്യർഥിച്ചു.
ബുധനാഴ്ച ദക്ഷിണ സുഡാൻ പ്രഖ്യാപിച്ച ഏഴുദിവസത്തെ വെടിനിർത്തലിനെ സൈനിക മേധാവി അൽ ബുർഹാൻ അംഗീകരിച്ചിരുന്നു. സൗദി, അമേരിക്ക സംയുക്ത ശ്രമത്തെ തുടർന്ന് റാപിഡ് സപ്പോർട്ട് ഫോഴ്സ് മേധാവി അൽ ഹംദാൻ മൂന്നുദിവസത്തേക്ക് കൂടി വെടിനിർത്തൽ നീട്ടുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞമാസം 15ന് ഏറ്റുമുട്ടൽ ആരംഭിച്ച ശേഷം ചില താൽക്കാലിക വെടിനിർത്തലുകൾ പ്രഖ്യാപിച്ചെങ്കിലും പലതും ലംഘിച്ചു. സുഡാൻ സംഘർഷത്തിൽ ഇതുവരെ 550 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം അര ലക്ഷത്തോളം പേർ സുഡാനിൽ നിന്നും പലായനം ചെയ്തതായും സുഡാനീസ് സർക്കാർ സ്ഥിതിവിവരക്കണക്കുകളും ഐക്യരാഷ്ട്രസഭയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.