'സുഗതാഞ്ജലി' കാവ്യാലാപന മത്സരം
text_fieldsറിയാദ്: മലയാളം മിഷൻ പൂക്കാലം വെബ് മാഗസിൻ സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ച് ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന 'സുഗതാഞ്ജലി' കാവ്യാലാപനമത്സരത്തിെൻറ മുന്നോടിയായി റിയാദ് മേഖല മത്സരം സംഘടിപ്പിച്ചു. എഴുത്തുകാരൻ എം. ഫൈസൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളിൽനിന്നുള്ള 35 വിദ്യാർഥികൾ പങ്കെടുത്തു. റിയാദ് മേഖലയിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരിച്ചത്.
നെയ്റ ഷഹദാൻ (മലർവാടി റിയാദ്), അനാമിക അറയ്ക്കൽ (കേളി മധുരം മലയാളം) എന്നിവർ സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ അൽന എലിസബത്ത് ജോഷി (ഡബ്ല്യു.എം.എഫ് അൽഖർജ്) ഒന്നാം സ്ഥാനവും ഹനാൻ ശിഹാബ് (നാട്ടുപച്ച പഠനകേന്ദ്രം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് പുറമെ സീനിയർ വിഭാഗത്തിൽനിന്ന് മുഹമ്മദ് അമീൻ (മലർവാടി), നേഹ പുഷ്പരാജ് (കേളി മധുരം മലയാളം) എന്നിവരും ജൂനിയർ വിഭാഗത്തിൽനിന്ന് വി.എൻ. ദേവന (കേളി മധുരം മലയാളം), മെഹ്റീൻ മുനീർ (മലർവാടി) എന്നിവരും ഫെബ്രുവരി 19ന് നടക്കുന്ന സൗദി ചാപ്റ്റർ മത്സരത്തിന് യോഗ്യത നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മേഖലതലത്തിൽ ഉപഹാരവും സാക്ഷ്യപത്രവും നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും മലയാളം മിഷൻ റിയാദ് മേഖല സാക്ഷ്യപത്രം നൽകും.
മൂല്യനിർണയത്തിന് തയാറാക്കിയ മാനദണ്ഡങ്ങളിൽ ഉച്ചാരണശുദ്ധി, ഭാവാത്മകത, ആലാപനഭംഗി എന്നിവയെ തൃപ്തിപ്പെടുത്തുന്ന അവതരണങ്ങളാണ് കുട്ടികൾ നടത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഗൾഫിലെ സവിശേഷ സാഹചര്യത്തിൽ പ്രത്യക്ഷ ജീവിത വ്യവഹാരങ്ങളിൽനിന്ന് അകന്നുജീവിക്കുന്ന കുട്ടികളിൽനിന്ന് ഇത്രയും മികവ് ഉണ്ടാകുന്നത് സന്തോഷവും അഭിമാനവും നൽകുന്നുവെന്നും ജൂറി പറഞ്ഞു.
വെർച്വൽ മീറ്റിങ്ങായി സംഘടിപ്പിച്ച പരിപാടി മലയാളം മിഷൻ സൗദി വിദഗ്ധ സമിതി അംഗങ്ങളായ സീബ കൂവോട്, ലീന കൊടിയത്ത് എന്നിവർ നിയന്ത്രിച്ചു. ജൂറി അംഗങ്ങളായ ബീന, ഷിംന ലത്തീഫ്, എം. ഫൈസൽ, സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത്, വിദഗ്ധ സമിതി ചെയർമാൻ ഡോ. മുബാറക് സാനി, റിയാദ് മേഖല കോഒാഡിനേറ്റർ നൗഷാദ് കോർമത്ത്, മേഖല പ്രസിഡൻറ് സുനിൽ സുകുമാരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.