ഉഷ്‌ണകാല അപകട മുന്നറിയിപ്പ്; മദീനയിൽ ബോധവത്‌കരണ കാമ്പയിനുമായി ആരോഗ്യ മന്ത്രാലയം
text_fieldsമദീന: സൗദിയിൽ വിവിധ ഭാഗങ്ങളിൽ ഉഷ്‌ണം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ ബോധവത്കരണവുമായി മദീനയിൽ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇപ്പോൾ പല ഭാഗങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. ഈ സന്ദർഭത്തിലാണ് ഏറെ കരുതലോടെ ആരോഗ്യസുരക്ഷക്ക് കൂടുതൽ പരിഗണന നൽകേണ്ടുന്ന സമയമാണ് എന്ന സന്ദേശം മദീനയിലെ താമസക്കാർക്കും തീർഥാടകർക്കും പകരാൻ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
മദീന അൽ-മുനവ്വറഃ ഹെൽത്ത് വിഭാഗത്തിെൻറ ആഭിമുഖ്യത്തിലാണ് കാമ്പയിൻ. 'നമ്മുടെ വേനൽക്കാലം നമ്മുടെ വഴിയിൽ' എന്ന ശീർഷകത്തിലാണ് താമസസ്ഥലങ്ങളും വ്യാപാരസ്ഥാപനങ്ങളും മറ്റ് പൊതുവിടങ്ങളും സന്ദർശിച്ച് നേരിട്ട് ജനങ്ങൾക്കിടയിൽ കാമ്പയിൻ നടത്തുകയാണ്. ഹജ്ജ് സീസൺ ആയതിനാൽ വിദേശ തീർഥാടകർക്ക് ആത്‌മവിശ്വാസം നൽകാൻ കൂടി ലക്ഷ്യമിട്ടാണ് കാമ്പയിൻ.
തീർഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെല്ലാം കാമ്പയിനുണ്ട്. മദീനയിലെ ഖുബാ മസ്‌ജിദ്, ഖിബ്‌ലതൈനി മസ്‌ജിദ്, സയ്യിദ് അൽ-ശുഹദാ മസ്‌ജിദ് തുടങ്ങിയ ഇടങ്ങളിലും തീർഥാടകർ കൂടുതൽ എത്തുന്ന വാണിജ്യ കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും ആരോഗ്യ പ്രവർത്തകർ ഫീൽഡ് ബോധവത്കരണ പരിപാടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
നിരവധി ആരോഗ്യപ്രശ്നങ്ങളാണ് വേനൽ കടുത്താൽ ഉണ്ടാവുക. ശരീരത്തിലെ ജലാംശം കുറയുന്നതാണ് പ്രധാന പ്രശ്നം. സൂര്യാഘാതത്തിനും സാധ്യതയുണ്ട്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ എങ്ങനെ തരണം ചെയ്യാമെന്ന നിർദേശങ്ങളും കാമ്പയിൻ വഴി ആരോഗ്യ പ്രവർത്തകർ നൽകുന്നുണ്ട്.
അന്തരീക്ഷ ഊഷ്‌മാവ് കൂടുന്നതിന് അനുസരിച്ച് ശരീരത്തിനകത്തും പുറത്തും മാറ്റങ്ങൾ ഉണ്ടാകുന്നത് സാധാരണയാണ്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണം ഉണ്ടാവുകയും ഇത് ഏറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഹേതുവാകുകയും ചെയ്യും. ചൂട് കൂടുന്ന കാലാവസ്ഥയിൽ സൂര്യതാപം ഏൽക്കാതിരിക്കാൻ എല്ലാവരും ഏറെ ജാഗ്രത കാണിക്കണം. ശരീരത്തിലെ ജലാംശം വേണ്ടത്ര നിലനിർത്താനായാൽ ഒരു പരിധിവരെ ഉഷ്ണകാല രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്നും ആരോഗ്യ പ്രവർത്തകർ കാമ്പയിനിലൂടെ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.