Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതുള്ളിതോരാതെ 10...

തുള്ളിതോരാതെ 10 മണിക്കൂർ; വേനൽ മഴ പ്രളയമായി, ജിസാനിൽ വ്യാപക കെടുതി

text_fields
bookmark_border
jeesan 98789789
cancel

ജിസാൻ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാർ മേഖലയായ ജിസാനിൽ 10 മണിക്കൂർ തുള്ളിതോരാതെ പെയ്ത മഴയിൽ വ്യാപകനാശം. മേഖലയാകെ ​വെള്ളം പൊങ്ങി. നിരവധി റോഡുകളും പാലങ്ങളും തകർന്നു. താഴ്‌വരകളിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. വാഹനങ്ങൾ കുടുങ്ങി. തകർന്ന പാലത്തി​െൻറ സ്ലാബ്​ കാറിന്​ മുകളിൽ പതിച്ച്​ യുവതി മരിച്ചു. വെള്ളിയാഴ്​ച വൈകീട്ടാണ്​​ മേഖലയിൽ കനത്ത മഴയുണ്ടായത്​. പുലർച്ച വരെ തുടർന്നു. താഴ്​വരകൾ കവിഞ്ഞൊഴുകി. അൽ തവാൽ, സ്വബ്​യ, സാംത, അബു അരീഷ് ഗവർണറേറ്റുകളിലെയും വാദി ജിസാനിലെ ചില ഗ്രാമങ്ങളിലെയും ജിസാൻ നഗരത്തിലെയും തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി.

കനത്ത മഴയിൽ വാണിജ്യ കേന്ദ്രത്തി​െൻറ കെട്ടിടങ്ങളിലൊന്നി​െൻറ മേൽക്കൂര തകർന്നു. ​അബൂ അരീഷ്​, സ്വബ്​യ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ റദീസ്​ എന്ന പാലം മഴവെള്ളപ്പാച്ചിലിൽ തകർന്നു. ആ സമയം പാലത്തിലുണ്ടായിരുന്ന ചില വാഹനങ്ങൾ അപകടത്തിൽ പെട്ടു. അതിലൊരു കാറിന്​ മുകളിലേക്ക്​ പാലത്തി​െൻറ സ്ലാബുകളിലൊന്ന്​ ഇളകിവന്ന്​ പതിച്ചാണ് യാത്രക്കാരിയായ യുവതി തൽക്ഷണം മരിച്ചത്. ഈ പ്രദേശമാകെ വെള്ളത്തിനടിയിലാണ്​. വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്​. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സിവിൽ ഡിഫൻസ്​ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന്​ താമസക്കാരെ ഒഴിപ്പിക്കാൻ സിവിൽ ഡിഫൻസ് ഉപകരണങ്ങളും യന്ത്രങ്ങളും ബോട്ടുകളും വിന്യസിച്ചു.

സൗദി അറേബ്യയും യമനും അതിര്‍ത്തി പങ്കിടുന്ന അൽ തവാല്‍ പട്ടണത്തിലെ റോഡുകള്‍ പുഴകളായി മാറി. ശക്തമായ മഴക്കിടെ കഴുത്തോളം വെള്ളമുയര്‍ന്ന റോഡുകളിലൂടെ ആളുകള്‍ നടക്കുന്നതി​െൻറ വിഡിയോ കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനി ‘എക്​സി’ൽ പങ്കുവെച്ചു. അഹദ് അല്‍മസാരിഹ, ദമദ്, അൽ ഹരത്​, അൽ ദായിര്‍, അൽ റൈദ്​, അൽ അർദ, അൽ ഈദാബി, ഫൈഫ, ഹുറൂബ്, അൽ ദര്‍ബ്, ബേഷ്​, ഫര്‍സാന്‍ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു.

ജിസാന്‍ പ്രവിശ്യയുടെ വടക്കുഭാഗത്തുള്ള അൽ ദര്‍ബിലെ അല്‍ഖരൻ താഴ്​വരയിൽ മലവെള്ളപ്പാച്ചിലില്‍പെട്ട കാറില്‍ കുടുങ്ങിയ സൗദി യുവാവിനെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അൽ ദര്‍ബ്-അൽ ഫതീഹ റോഡിലാണ് സംഭവം. റോഡ് മുറിച്ചൊഴുകുന്ന മലവെള്ളപ്പാച്ചില്‍ കണ്ട് യുവാവ് കാര്‍ നിര്‍ത്തുകയായിരുന്നു. മലവെള്ളപ്പാച്ചിന് ശക്തിവര്‍ധിച്ചതോടെ യുവാവ് കാര്‍ പിറകോട്ടെടുക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട കുഴിയില്‍ കാര്‍ കുടുങ്ങുകയായിരുന്നു. ഇതോടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു കാറുകളിലെ യാത്രക്കാരായ യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി.

അതിനിടെ കഴിഞ്ഞ ബുധനാഴ്​ച അഹദ് അല്‍മസാരിഹ ഗ്രാമത്തിന്​ സമീപം മസല്ല താഴ്​വരയില്‍ കാര്‍ ഒഴുക്കില്‍പെട്ട് കാണാതായ സൗദി യുവാവി​െൻറ മൃതദേഹം കഴിഞ്ഞ ദിവസം സിവില്‍ ഡിഫന്‍സ് കണ്ടെത്തി. അൽ അർദ -അഹദ് അൽ മസാരിഹ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സ്വദേശി ദമ്പതികള്‍ സഞ്ചരിച്ച കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. സിവില്‍ ഡിഫന്‍സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവതിയുടെ മൃതദേഹവും ദമ്പതികളുടെ കാറും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടുദിവസം നീണ്ട തെരച്ചിലിനൊടുവിലാണ്​ യുവാവി​െൻറ മൃതദേഹം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodsHeavy RainJizan floods
News Summary - Summer rains turn into floods, causing widespread destruction in Jizan
Next Story